ഡോ. ബാബു സ്റ്റീഫന് ഹ്യൂസ്റ്റണില്‍ അത്യുജ്ജ്വല സ്വീകരണം

07:08 pm 11/5/2017


ഹ്യൂസ്റ്റണ്‍: ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) ചെയര്‍മാന്‍ ഡോ. ബാബു സ്്റ്റീഫന് ഹ്യൂസ്റ്റണില്‍ അത്യുജ്ജ്വല സ്വീകരണം. ഐഎപിസി ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണത്തില്‍ സമൂഹത്തിന്റെ നാനാത്തുറകളിലുള്ളവര്‍ പങ്കെടുത്തു.

ചാപ്റ്റര്‍ പ്രസിഡന്റ് ഈശോ ജേക്കബിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ ഡോ. ബാബു സ്്റ്റീഫനെ സ്വീകരിച്ചു. മുന്‍ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ പുതിയ ചെയര്‍മാനെ പരിചയപ്പെടുത്തി. ഐഎപിസി അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഡോ. ബാബു സ്റ്റീഫന്റെ പ്രവര്‍ത്തനം പ്രസ്ക്ലബിന്റെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും ജിന്‍സ്‌മോന്‍ പി. സക്കറിയ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെയും ഒപ്പം പൊതുസമൂഹത്തിന്റെയും നന്മയ്ക്കായി എക്കാലവും ഐഎപിസി ഉണ്ടാകുമെന്നു മറുപടി പ്രസംഗത്തില്‍ ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു. ഇന്നത്തെ സമൂഹം പണത്തിനു പിന്നാലെയുള്ള ഓട്ടത്തിലാണ്. ബന്ധങ്ങള്‍ക്കൊന്നും യാതൊരു പ്രാധാന്യവും നല്‍കുന്നില്ല. പ്രായമായിക്കഴിയുമ്പോള്‍ പിന്നെ മാതാപിതാക്കളെ മക്കള്‍ക്കൊന്നു വേണ്ടാതാകുന്നു. തിരക്കുമൂലം മാതാപിതാക്കളെ നോക്കാന്‍ കഴിയുന്നില്ലെന്നു ചില മക്കള്‍ പറയുന്നതു കേട്ടിട്ടുണ്ട്. ജോലി വിദേശരാജ്യങ്ങളിലും മാതാപിതാക്കള്‍ നാട്ടിലുമാകും. വിദേശത്തെ ജോലിത്തിരക്കുംമറ്റും മൂലം നാട്ടിലെ മാതാപിതാക്കളെ മക്കള്‍ക്ക് വേണ്ടവിധത്തില്‍ നോക്കാനൊന്നും കഴിയിയുന്നില്ലെന്നതു വിദേശമലയാളികളെ അലട്ടുന്ന വലിയ പ്രശ്‌നം തന്നെയാണ്. അതുകൊണ്ടുതന്നെ ഐഎപിസി, അതിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി തിരുവനന്തപുരത്ത് ഓള്‍ഡേജ് ഹോം സ്ഥാപിക്കാന്‍ പോകുകയാണ്. മക്കളുടെ സ്‌നേഹം കിട്ടാത്ത മാതാപിതാക്കളെ തങ്ങള്‍ ഏറ്റെടുക്കുന്നു. ഐഎപിസി ഒരു മാധ്യമ സംഘടനയാണ്. മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതു സമൂഹത്തിനു വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഐഎപിസി എന്ന മാധ്യമസംഘടനയും സമൂഹത്തിനു വേണ്ടിതന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റക്കാര്‍ക്ക് വളരെയേറെ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യക്കാരായ മാധ്യമപ്രവര്‍ത്തകരുടെ പ്രസക്തി വര്‍ധിച്ചിരിക്കുയാണ്. ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ കാണിക്കുന്നത് നാം ഒരുമിച്ച് നില്‍ക്കണമെന്നു തന്നെയാണ്. മാധ്യമപ്രവര്‍ത്തകരെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ ഐഎപിസി എന്നും മുന്നില്‍തന്നെയുണ്ടാകുമെന്നും ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു.

ഐഎപിസി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം എ.സി. ജോര്‍ജ്, ചാപ്റ്റര്‍ ട്രഷറര്‍ മോട്ടി മാത്യു, ജോയിന്റ് സെക്രട്ടറി റെനി കവലായില്‍, ജോയിന്റ് ട്രഷറര്‍ ജോജി ജോസഫ്, സംഗീത ദൊവ, ചന്ദ്ര മിത്തല്‍, ജോര്‍ജ് മണ്ണിക്കരോട്ട്, സിജി ഡാനിയല്‍, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് മാത്തുകുട്ടി ഈശോ തുടങ്ങിയവര്‍ പ്രസംഗിച്ചു.