ലുധിയാന: നീതിന്യായ ചരിത്രത്തിൽ അത്യപൂർവമായ സംഭവമാണ് കഴിഞ്ഞദിവസം ലുധിയാന ജില്ല സെഷൻസ് കോടതിയിൽ നടന്നത്. കേസ് ജയിച്ച അന്യായക്കാരന് ലഭിച്ചത് ഡൽഹി-അമൃത്സർ സ്വർണ ശതാബ്ദി ട്രെയിൻ. റെയിൽവേ വികസനത്തിന് ഭൂമി വിട്ടുനൽകിയതിന് മതിയായ നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച വരുത്തിയതിനാണ് കർഷകനായ സമ്പൂർണ സിങ്ങിന് പണത്തിന് പകരമായി ട്രെയിൻ ലഭിച്ചത്.
സെഷൻസ് ജഡ്ജി ജസ്പാൽ വർമയാണ് വിധി പുറപ്പെടുവിച്ചത്. ലുധിയാന സ്റ്റേഷനിൽ വെച്ച് െട്രയിൻ സാേങ്കതികമായി സമ്പൂർണ സിങ്ങിന് ൈകമാറുകയും ചെയ്തു. ജപ്തിയിൽ സ്റ്റേഷൻ മാസ്റ്ററുടെ ഒാഫിസും ഉൾപ്പെടും. ബുധനാഴ്ച വൈകുന്നേരമായിരുന്നു ജപ്തി. ട്രെയിൻ എത്തുന്നതിന് മുമ്പുതന്നെ സമ്പൂർണ സിങ്ങും ജഡ്ജിയും സ്റ്റേഷനിലെത്തി. െട്രയിൻ എത്തി അഞ്ച് മിനിറ്റിനകം നടപടി പൂർത്തിയാക്കി, സർവിസ് തുടരാൻ അനുവദിച്ചു. 2007ലായിരുന്നു സമ്പൂർണ സിങ്ങിെൻറ ഭൂമി റെയിൽവേ ഏറ്റെടുത്തത്. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനായിരുന്നു ധാരണ. ഇതിൽ കുറച്ച് തുക മാത്രമാണ് നൽകിയിരുന്നത്. തുടർന്നാണ് കാര്യങ്ങൾ ജപ്തിയിലേക്ക് നീങ്ങിയത്.