തിരുവനന്തപുരം: പൊന്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സ്ത്രീകളെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം.എം. മണി. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു. തന്നോടിങ്ങനെ വേണ്ടിയിരുന്നില്ലെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങൾ എന്നും തന്നെ വേട്ടയാടിയിട്ടേയുള്ളൂ. താൻ ഭൂമി കൈയേറി എന്ന തരത്തിലാണ് ചില മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുന്നത്. എത്ര നാറ്റിച്ചാലും ഞാൻ അതിനു മുകളിൽ നിൽക്കും. കാരണം ഞാൻ സാധാരണ പൊതുപ്രവർത്തകനാണെന്നും മന്ത്രി പറഞ്ഞു.
ഇടുക്കിയിലെ ഹർത്താൽ അനാവശ്യമാണെന്നും പൊന്പിളൈ ഒരുമൈ പ്രവർത്തകരോട് നേരിട്ടെത്തി മാപ്പ് പറയില്ലെന്നും മണി വ്യക്തമാക്കി. പറഞ്ഞതിനെ കുറിച്ച് പരാതി വന്നപ്പോൾ ഖേദപ്രകടനം നടത്തിയിരുന്നു. ഖേദം പ്രകടിപ്പിച്ചതോടെ ആ അധ്യായം അടഞ്ഞു. അവരെ അവിടെ ഇരുത്തിയവർ തന്നെ തിരിച്ചുകൊണ്ടു പോകട്ടെയെന്നും മണി പറഞ്ഞു.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞിട്ടാണ് ഖേദ പ്രകടനം നടത്തിയത്. പാർട്ടി പറഞ്ഞാൽ മാത്രമേ രാജിവയ്ക്കൂവെന്നും മണി പറഞ്ഞു. സംസാര ശൈലിയിൽ പ്രശ്നമുണ്ടെങ്കിൽ ആത്മ പരിശോധന നടത്തും. മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നാലും ശൈലി മാറ്റില്ലെന്നും മണി കൂട്ടിച്ചേർത്തു.
സിപിഐക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. മുന്നണി മര്യാദകൾ പാലിച്ചിട്ടുണ്ട്. സിപിഐ പ്രദേശിക നേതൃത്വം തന്നെയും മുഖ്യമന്ത്രിയേയും ചവിട്ടിത്തേക്കുന്നു. തിരിച്ച് പറയാൻ അറിയാഞ്ഞിട്ടല്ലെന്നും മന്ത്രി പറഞ്ഞു.