തമിഴ്നാടിന് കാവേരി നദിയില്‍നിന്ന് വെള്ളം വിട്ടുകൊടുക്കുന്നതില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച

10:10 am 29/9/2016
download (15)
ബംഗളൂരു: തമിഴ്നാടിന് കാവേരി നദിയില്‍നിന്ന് വെള്ളം വിട്ടുകൊടുക്കുന്നതില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച ഡല്‍ഹിയില്‍ കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിനുശേഷം കൈക്കൊള്ളുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബുധനാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനുംശേഷമാണ് ഇക്കാര്യ അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്. അതുവരെ വെള്ളം വിട്ടുകൊടുക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങുടെ മുഖ്യമന്ത്രിമാരും ജലവിഭവ മന്ത്രിയും ചീഫ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മണിക്കാണ് യോഗം. തര്‍ക്കപരിഹാരത്തിന് ഇരുസംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുന്നതിന് സൗകര്യമൊരുക്കണമെന്ന് സുപ്രീംകോടതി അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുടെ യോഗം എ.ജി വിളിച്ചിരിക്കുന്നത്. തമിഴ്നാടിന് വെള്ളിയാഴ്ചവരെ ദിവസേന 6000 ഘനയടി വെള്ളം വിട്ടുകൊടുക്കണമെന്ന് ചൊവ്വാഴ്ച സുപ്രീംകോടതി കര്‍ണാടകക്ക് നിര്‍ദേശം നല്‍കിയിരുന്നു.
വെള്ളം നല്‍കേണ്ടതില്ളെന്ന നിയമസഭയുടെ പ്രമേയം നിലനില്‍ക്കുന്നതിനാല്‍ സര്‍വകക്ഷി യോഗത്തിനുശേഷം മാത്രമേ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷപാര്‍ട്ടികളായ ബി.ജെ.പിയും ജനതാദളും മറ്റു പാര്‍ട്ടികളും പ്രമേയത്തില്‍ ഉറച്ചുനില്‍ക്കണമെന്നും ഒരു കാരണവശാലും വെള്ളം വിട്ടുകൊടുക്കരുതെന്നും നിലപാട് സ്വീകരിച്ചു. ഉച്ചക്കുശേഷം നടന്ന അടിയന്തര മന്ത്രിസഭാ യോഗം സര്‍വകക്ഷി തീരുമാനം ചര്‍ച്ചചെയ്തു. തുടര്‍ന്നാണ് ഡല്‍ഹിയിലെ യോഗത്തിനുശേഷം തീരുമാനമെടുക്കാമെന്ന നിലപാടെടുത്തത്.