തമിഴ്നാട്ടിൽ രണ്ടില തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു.

07:51 am 23/3/2017
images (1)

ചെന്നൈ: എഡിഎംകെയുടെ പാർട്ടി ചിഹ്നം രണ്ടില തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു. രണ്ടിലയ്ക്ക് അവകാശ വാദമുന്നയിച്ച് രണ്ടു വിഭാഗങ്ങൾ രംഗത്തെത്തിയതിനെ തുടർന്നാണ് കമ്മിഷന്‍റെ നടപടി. ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ടിലയ്ക്കായി തർക്കമുയർന്നത്.

ജയലളിതയുടെ മരണത്തിനു ശേഷം പാർട്ടി ഒ. പനീർശെൽവത്തിന്‍റെയും ജയലളിതയുടെ തോഴിയായിരുന്ന ശശികല നടരാജന്‍റെയും നേതൃത്വത്തിൽ രണ്ടു വിഭാഗങ്ങളായി പിളർന്നിരുന്നു. മുഖ്യമന്ത്രി പദത്തിനായി ഇരു വിഭാഗങ്ങളും തമ്മിൽ തർക്കവും രൂക്ഷമായിരുന്നു. ഒടുവിൽ ശശികല പക്ഷം മുഖ്യമന്ത്രി പദം പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് പാർട്ടി ചിഹ്നത്തിന്‍റെ കാര്യത്തിലും അതാവർത്തിച്ചു. രണ്ടില ചിഹ്നം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഇരുവിഭാഗവും വാദിച്ചു. ഇതോടെയാണ് പന്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കോർട്ടിലെത്തിയത്.

ഏപ്രിൽ 12നാണ് ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ചിഹ്നത്തിനായി അവകാശവാദമുന്നയിച്ച് ശശികല വിഭാഗം ചൊവാഴ്ച തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകിയിരുന്നു. പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനാണ് ഇതു സംബന്ധിച്ച് പരാതി നൽകിയത്. ഒൗദ്യോഗിക വിഭാഗം സ്ഥാനാർഥിയായി താൻ മാർച്ച് 23ന് പത്രിക സമർപ്പിക്കുമെന്നും ചിഹ്നം തനിക്ക് അനുവദിക്കണമെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ചിഹ്നത്തിന്‍റെ അവകാശികൾ തങ്ങളാണെന്ന് കാട്ടി പനീർശെൽവം വിഭാഗവും തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു.

മാർച്ച് 14ന് ആരംഭിച്ച പത്രികാ സമർപണം 24നാണ് അവസാനിക്കുന്നത്. ഏപ്രിൽ 17നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.