05.40 PM 11/01/2017

കൊച്ചി: വിജയ് നായകനാകുന്ന തമിഴ് ചിത്രം ഭൈരവ വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാവ് സിയാദ് കോക്കര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭൈരവ സംസ്ഥാനത്തെ 200 തിയേറ്ററുകളിലാണ് രപദര്‍ശനത്തിനെത്തുക. ഇന്ന് മുതല്‍ തിയേറ്ററുകള്‍ അടച്ച് സമരം പ്രഖ്യാപിച്ചിട്ടുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ചില തിയേറ്ററുകളിലും സിനിമ പ്രദര്‍ശനം ഉണ്ടാവുമെന്ന് സിയാദ് കോക്കര്‍ പറഞ്ഞു. സിനിമ റിലീസിങിന്റെ സ്റ്റേഷനുകള്‍ തീരുമാനിക്കുന്നതിനും മറ്റ് പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായി നിര്‍മാതാക്കളും വിതരണക്കാരും സംയുക്തമായുള്ള കോര്‍ കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. കമ്മിറ്റി രൂപീകരണം പിന്നീടുണ്ടാവും.
എ,ബി,സി ക്ലാസ് വേര്‍തിരിവില്ലാതെ ഇരുനൂറോളം തിയേറ്ററുകളിലായിരിക്കും ഇന്ന് ഭൈരവി റിലീസ് ചെയ്യുക. ഈ സിനിമയുടെ റിലീസിങ് തടയാന്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ഭാഗത്ത് നിന്ന് ചില ശ്രമങ്ങളുണ്ടായെന്നും അതിന് തെളിവുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. നിലവിലുള്ള 6040 വിഹിതം അംഗീകരിക്കുന്ന എല്ലാ തിയേറ്റര്‍ ഉടമകളുമായും വിതരണക്കാരും നിര്‍മാതാക്കളും സഹകരിക്കും. കൂടെ നില്‍ക്കുന്ന തിയേറ്റര്‍ ഉടമകളെ എന്തു വില കൊടുത്തും സംരക്ഷിക്കും. ഭാവിയില്‍ സിനിമ റിലീസിങില്‍ ഇവരുടെ തിയേറ്ററുകള്‍ മുന്‍ഗണന നല്‍കുമെന്നും സിയാദ് കോക്കര്‍ പറഞ്ഞു. എ.സി, ഡി.റ്റി.എസ് സംവിധാനം പൂര്‍ത്തിയാക്കിയ തിയേറ്ററുകള്‍ക്ക് പ്രധാന ചിത്രങ്ങളുടെ റിലീസിങിന് അവസരം നല്‍കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശം വച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എം.രഞ്ജിത്, ജി.സുരേഷ്‌കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
