തര്‍ക്കത്തിന് മധ്യസ്ഥത പറഞ്ഞയാള്‍ ലോറികയറി മരിച്ച സംഭവം: ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍

11:19 AM 22/12/2016

Newsimg1_45167910
മുക്കം: മരഞ്ചാട്ടിയില്‍ ലോറി ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ മധ്യസ്ഥത പറഞ്ഞയാള്‍ ലോറികയറി മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍. െ്രെഡവര്‍ മലപ്പുറം മേലാറ്റൂര്‍ സ്വദേശി ഷഫീഖ് (27), ക്ലീനര്‍ കക്കാടംപൊയില്‍ കള്ളിപ്പാടം ഖമറുദ്ദീന്‍ (25) എന്നിവരെയാണ് മുക്കം പോലീസ് കസ്റ്റഡിയിലെടുത്തത്.

രാവിലെ മുക്കം കെഎംസിടി ആശുപത്രിയിലെത്തിയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം നരഹത്യയ്ക്കാണ് കേസെടുത്തത്. ഐപിസി 304 വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃക്‌സാക്ഷികളെ പോലീസ് ചോദ്യം ചൊവ്വാഴ്ച തന്നെ ചോദ്യം ചെയ്തിരുന്നു.

കക്കാടംപൊയില്‍ മീന്‍ ഫാക്ടറിയിലേക്ക് ലോഡുമായി വരുന്ന ലോറിയിലെ ജീവനക്കാരാണ് പിടിയിലായവര്‍. ചൊവ്വാഴ്ച രാത്രി മരഞ്ചാട്ടി അങ്ങാടിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കാരശേരി പഞ്ചായത്തിലെ മരഞ്ചാട്ടി കുമരഞ്ചേരി ഹസന്‍(48) നാട്ടുകാര്‍ നോക്കി നില്‍ക്കെ ലോറി കയറി ചതഞ്ഞ് മരിക്കുകയായിരുന്നു.

കൂടരഞ്ഞി ഭാഗത്തു നിന്നും ലോഡ് കയറ്റിവന്ന ലോറി അങ്ങാടിക്ക് സമീപം നടുറോഡില്‍ ഗതാഗത തടസമുണ്ടാക്കുന്ന രീതിയില്‍ നിര്‍ത്തിയിട്ട് െ്രെഡവര്‍ ആരോടോ സംസാരിക്കുകയായിന്നു. അതുവഴി വന്ന യാത്രക്കാര്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ വാക്കുതര്‍ക്കത്തില്‍ കലാശിച്ചു. ഇതില്‍ മധ്യസ്ഥ പറയാന്‍ എത്തിയവരുടെ കൂട്ടത്തിലുള്ള ആളായിരുന്നു ഹസന്‍.

പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് ലോറി എടുക്കരുതെന്ന് നാട്ടുകാരുടെ ആവശ്യം ചെവി കൊള്ളാതെ െ്രെഡവര്‍ ലോറി മുന്നോട്ട് എടുത്തപ്പോള്‍ അരികില്‍ നില്‍ക്കുകയായിരുന്ന ഹസന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. നിര്‍ത്താതെ പോയ ലോറി നാട്ടുകാര്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. കക്കാടംപൊയിലിലെ മീന്‍ ഫാക്ടറിക്കെതിരെ നാട്ടുകാര്‍ മാസങ്ങളായി സമരത്തിലാണ്. അതിനിടെയാണ് അപകടം സംഭവിച്ചത്. ലോറി ജീവനക്കാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.