തിരുപ്പതി ക്ഷേത്രത്തിന് തെലങ്കാന മുഖ്യമന്ത്രി അഞ്ചു കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ സംഭാവനയായി നല്‍കിയത് വിവാദത്തില്‍.

12:50 pm 23/2/2017

download (3)
ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അഞ്ചു കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ സംഭാവനയായി നല്‍കിയത് വിവാദത്തില്‍. പൊതുഖജനാവില്‍നിന്ന് പണമെടുത്ത് വഴിപാടു നടത്തിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു.
കഴിഞ്ഞ ദിവസം രാത്രി പ്രത്യേക വിമാനത്തിലാണ് റാവുവും കുടുംബാംഗങ്ങളും ചില മന്ത്രിമാരും ക്ഷേത്രത്തിലത്തെിയത്. ഇന്നലെ കാലത്ത് ദര്‍ശനത്തിനു ശേഷം അത്യപൂര്‍വ മുത്തുകള്‍ പതിച്ച സ്വര്‍ണത്തിലുള്ള ‘ഷാലിഗ്രാം ഹാര’വും വിവിധ ചുറ്റിലുള്ള സ്വര്‍ണ നെക്ലൈസായ ‘മഖര കണ്ഠാഭരണ’വുമാണ് ക്ഷേത്രത്തിന് കൈമാറിയത്. 19 കിലോ വരുന്ന ഈ ആഭരണങ്ങള്‍ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫിസര്‍ ഡി. സാംബശിവ റാവു ഏറ്റുവാങ്ങി.

വഴിപാട് സമര്‍പ്പിച്ച ശേഷം ചന്ദ്രശേഖര്‍ റാവുവിനെ രംഗനായകമണ്ഡപത്തില്‍വെച്ച് പട്ടും പ്രസാദവും നല്‍കി ക്ഷേത്ര പുരോഹിതന്മാര്‍ ആദരിച്ചു. അനുഗ്രഹങ്ങള്‍ വാങ്ങിയാണ് മുഖ്യമന്ത്രിയും മറ്റും ക്ഷേത്രത്തില്‍നിന്ന് മടങ്ങിയത്. തുടര്‍ന്ന് ഇതിനടുത്ത് ശ്രീ പത്മാവതി ക്ഷേത്രത്തില്‍ മുഖ്യമന്ത്രി ദര്‍ശനവും സ്വര്‍ണ വഴിപാടും നടത്തി. സ്വാതന്ത്യത്തിനു ശേഷം ഒരു സംസ്ഥാന സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തിന് നല്‍കുന്ന ഏറ്റവും വിലകൂടിയ വഴിപാടാണിത്. 2000 വര്‍ഷം പഴക്കമുള്ള ക്ഷേത്രം ലോകത്തിലെ ഏറ്റവും സമ്പന്നമായ ആരാധനാലയമാണ്.

പ്രാര്‍ഥനക്കും ലക്ഷ്യസാക്ഷാത്കാരം നേടിയതിനുള്ള വഴിപാട് നടത്താനുമാണ് തിരുപ്പതി ക്ഷേത്രത്തിലത്തെിയതെന്ന് റാവു വാര്‍ത്താലേഖകരോട് പറഞ്ഞു. തെലങ്കാന സംസ്ഥാനം വന്നാല്‍ ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്നിരുന്നു. സ്വന്തം കാര്യത്തിന് മുഖ്യമന്ത്രി ഖജനാവിലെ പണം ഉപയോഗിച്ചതിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിഷേധം ഉയര്‍ത്തി. ‘‘പൊതുമുതലെടുത്ത്് സന്തം കാര്യങ്ങള്‍ക്കായി ദേവന് സമര്‍പ്പിച്ചത് ശരിയായ നടപടിയല്ല. സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ആര്‍ക്കാണ് കരാര്‍ നല്‍കിയതെന്ന് ഉള്‍പ്പെടെ നടപടികള്‍ സുതാര്യമല്ല. എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കണം- കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എം. ശശിധര്‍ റെഡി പറഞ്ഞു.