തിരുവമ്പാടി അവകാശവാദം ഉന്നയിച്ച് കേരളാ കോണ്‍ഗ്രസ് എം

1:23pm 14/3/2016
images (2)

തിരുവനന്തപുരം: മുസ് ലിം ലീഗിന്റെ സിറ്റിങ് സീറ്റായ തിരുവമ്പാടിയില്‍ കേരളാ കോണ്‍ഗ്രസ് എം. വടക്കന്‍ കേരളത്തിലെ മൂന്ന് സീറ്റുകള്‍ക്ക് പകരമായി തിരുവമ്പാടി സീറ്റ് നല്‍കണമെന്നാണ് മാണി വിഭാഗം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവമ്പാടിക്ക് പകരം തളിപ്പറമ്പ്, ആലത്തൂര്‍, പേരാമ്പ്ര സീറ്റുകള്‍ മാണി വിഭാഗം കോണ്‍ഗ്രസിന് വിട്ടുനല്‍കും. കുടിയേറ്റ കര്‍ഷകരുള്ള മണ്ഡലത്തില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് മാണി വിഭാഗത്തിന്റെ വാദം. സീറ്റ് ലഭിച്ചാല്‍ പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം പി.ടി ജോസിനെ മത്സരിപ്പിക്കാനാണ് കെ.എം മാണിയുടെ തീരുമാനം.

തിരുവമ്പാടി സീറ്റ് സംബന്ധിച്ച ഉടമ്പടി രേഖ പുറത്തായ വിഷയത്തില്‍ കോണ്‍ഗ്രസിനും മുസ് ലിം ലീഗിനും ഇടയില്‍ അസ്വാരസ്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മാണി വിഭാഗത്തിന്റെ കടന്നുവരവ്. കുടിയേറ്റ കര്‍ഷകര്‍ ധാരാളമുള്ള തിരുവമ്പാടി ലഭിച്ചാല്‍ താമരശേരി രൂപതയുടെയും മലയോര വികസന സമിതിയുടെയും പിന്തുണയോടെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനാവുമെന്നാണ് മാണിയുടെ വിലയിരുത്തല്‍.