തീയതിയില്‍ പിശക് പറ്റിയെന്ന് മുഖ്യമന്ത്രി സോളാര്‍ കമീഷനില്‍

download

തിരുവനന്തപുരം: സോളാര്‍ കമീഷന് മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹാജരായി. 10.45ന് തൈക്കാട് ഗെസ്റ്റ് ഹൗസില്‍ തന്നെ ഹാജരായ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കല്‍ 11 മണിക്ക് തന്നെ ആരംഭിച്ചു.

അതേ സമയം, സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന് മുന്‍പാകെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചു.സരിതയെ കണ്ടെന്ന ആരോപണത്തില്‍ നേരത്തേ നിയമസഭയില്‍ നല്‍കിയ വിശദീകരണത്തില്‍ തനിക്ക് പിശകുപറ്റിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. തിയതി സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളാണ് നിയമസഭയില്‍ വിശദീകരിച്ചത്. ഇതുമൂലമാണ് പിഴവ് സംഭവിച്ചത്. ഇന്നലെ വൈകീട്ട് അഭിഭാഷകന്‍ മുഖേനയാണ് മുഖ്യമന്ത്രി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

സോളാര്‍ കേസ് മൂലം പ്രതികളെ സഹായിക്കാന്‍ താനോ തന്റെ ഓഫിസോ കൂട്ടുനിന്നിട്ടില്ല. എന്നാല്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ ചില അംഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായി. ഇതേതുടര്‍ന്ന് ആരോപണവിധേയരാവരെ ഒഴിവാക്കി. ശ്രീധരന്‍ നായരെയും സരിതയേയും ഒരുമിച്ച് കണ്ടിട്ടില്ല. ക്രഷര്‍ യൂണിറ്റിന്റെ കാര്യത്തെക്കുറിച്ച് സംസാരിക്കാനാണ് ശ്രീധരന്‍ നായര്‍ തന്നെ സന്ദര്‍ശിച്ചത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.