തുടര്‍ച്ചയായ പതിനാലാം ദിനം: പാര്‍ലമെന്‍റ് ഇന്നും സ്തംഭിച്ചു

02:16 PM 05/12/2016
download
ന്യൂഡൽഹി: നോട്ട് വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. ഇതേതുടര്‍ന്ന് രാജ്യസഭ രണ്ട് മണിവരെ പിരിഞ്ഞു. ലോക്സഭയില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കള്ളപ്പണക്കാരെന്ന് ആക്ഷേപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ മാപ്പു പറയണമെന്നാണ് രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന് ലോക്സഭയിലും പ്രതിപക്ഷം ആവശ്യപ്പട്ടു.

നോട്ട് പിന്‍വലിക്കല്‍ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ തുടര്‍ച്ചയായ പതിനാലാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാവുമെന്ന് തന്നെയാണ് സൂചന. നവംബര്‍ 16ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇതുവരെ പൂര്‍ണമായും സ്തംഭനത്തിലാണ്. ലോക്സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെ ആദായ നികുതി നിയമഭേദഗതി മാത്രമാണ് ചര്‍ച്ച കൂടാതെ പാസ്സാക്കിയത്. ഇതിനെതിരെയും പ്രതിപക്ഷം പ്രതിഷേധത്തിലാണ്.

പ്രധാനമന്ത്രി സഭയില്‍ മാപ്പു പറയണമെന്ന ആവശ്യത്തില്‍ നിന്ന് പിറകോട്ടു പോവില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ സൂചിപ്പിക്കുന്നത്. ലോക്സഭയില്‍ നിലവില്‍ നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ചട്ടം 193 അനുസരിച്ചുള്ള ചര്‍ച്ചയാണ് സ്പീക്കര്‍ അനുവദിച്ചിട്ടുള്ളത്. വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷ ആവശ്യം.