തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ജവാന്‍ വെടിയേറ്റ് മരിച്ചു

10:00 AM 13/05/2016
meena_0
കോഴിക്കോട്​: വടകരയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബി.എസ്.എഫ് ജവാൻ വെടിയേറ്റ് മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ ബി.എസ്​.എഫ്​ ഇൻസ്​പെക്​ടർ റാം ഗോപാല്‍ മീണ(44)യാണ് മരിച്ചത്​. ഇരിങ്ങല്‍ കോട്ടക്കല്‍ ഇസ്ലാമിക് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബി.എസ്​.എഫ്​ ജവാന്മാരുടെ താമസസ്ഥലത്താണ്​ വെടിവെപ്പ്​ നടന്നത്​.

വ്യാഴാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വാക്കു തർക്ക​െത്ത തുടർന്ന്​ സഹപ്രവർത്തകനായ ഹെഡ് കോൺസ്​റ്റബ്​ൾ ഉമേഷ്പാൽ സിങ്ങാണ്​ വെടിവെച്ചത്​. അവധി സംബന്ധിച്ച തർക്കമാണ്​ വെടിവെപ്പിൽ കലാശിച്ചതെന്ന്​ സംശയിക്കുന്നു. നാല്​ തവണ വെടിയൊച്ച കേട്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ്​ പൊലീസ്​ സ്ഥലത്തെത്തിയത്​. മൃതദേഹം വടകര സഹകരണ ആശുപത്രിയി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തിന്​ ശേഷം രക്ഷപെട്ട ഉമേഷ്​പാൽ സിങ്ങിനു വേണ്ടി പൊലീസ്​ ​തിരച്ചിൽ ശക്​തമാക്കി. ഉത്തർ​പ്രദേശ്​ സ്വദേശിയായ ഉമേഷ്​ പാൽ സിങ്​ കേരളം വിട്ടുപോയതായി സംശയിക്കുന്നെന്ന്​ വടകര ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ പറഞ്ഞു.