ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ബി.ജെ.പി നേതാവിനെയും രണ്ട് അനുയായികളെയും പ്രതികളാക്കി പൊലീസ് കേസെടുത്തു.

01:28 pm 01/3/2017
download (13)
ഭോപ്പാൽ: സഹായം അഭ്യർത്ഥിച്ചെത്തിയ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രാദേശിക ബി.ജെ.പി നേതാവിനെയും രണ്ട് അനുയായികളെയും പ്രതികളാക്കി പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ മൊറേനയിലാണ് സംഭവം. ബോജ്പാൽ സിങ്ങെന്ന ബി.ജെ.പി നേതാവും കൂട്ടാളികളുമാണ് ഞായറാഴ്ച രാത്രി ഇവരെ പീഡിപ്പിച്ചത്. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

35കാരിയായ സ്ത്രീ മൊറേനയിലെ സുമാവാലി ഗ്രാമത്തിലുള്ളതാണ്. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്കായുള്ള റേഷൻ കാർഡ് നേടാനായാണ് പ്രദേശത്തെ ബി.ജെ.പി നേതാവിനെ ഇവർ സമീപിച്ചത്. ഗ്രാമത്തിൽ റേഷൻ കട നടത്തുന്ന സൊസൈറ്റിയുടെ ചെയർപേഴ്സൺ ആണ് ബോജ്പാൽ സിങ്. രജിസ്ട്രേഷനു വേണ്ടി എത്തിയ യുവതിയെ ഒാഫീസിൽ വെച്ചാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ യുവതി ഇക്കാര്യം ഭർത്താവിനെ അറിയിക്കുകയും തുടർന്ന് പൊലിസിൽ പരാതിപ്പെടുകയുമായിരുന്നു.

പ്രതിപക്ഷ നേതാവ് അജയ് സിങ് ചൊവ്വാഴ്ച നിയമസഭയിൽ ഈ പ്രശ്നം ഉന്നയിച്ചു. 2016ൽ 4,527 ബലാത്സംഗങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്ന് ആഭ്യന്തര മന്ത്രി ഇന്നലെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി നേതൃത്വം സംഭവത്തോട് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.