മലയാള സിനിമയിലെ യുവനടൻ ദുൽക്കർ സൽമാൻ-അമാൽ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ചെന്നൈയിലെ മദർഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്‍റെ ജനനം. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് വാർത്ത ആരാധകരെ അറിയിച്ചത്. കുഞ്ഞിന്‍റെ വിവരങ്ങൾ അടങ്ങിയ ആശുപത്രി റെക്കോഡും പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദുല്‍ക്കര്‍, പിതാവ് മമ്മൂട്ടി, മാതാവ് സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിർമാതാവ് ആന്‍റോ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.
‘ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്‍റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്‍റെ വളരെ കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്‍റെ രാജകുമാരിയെ ലഭിച്ചു. ഒാരോ സിനിമ റിലീസും ഒാരോ ചടങ്ങുകളും ഒാരോ വാർത്തകളുംഅറിയിച്ചതു പോലെ ഞങ്ങളുടെ സന്തോഷവും ആരാധകരുമായി പങ്കുവെക്കുന്നു.’ -ദുൽക്കർ ഫേസ്ബുക്കിൽ കുറിച്ചു.
പെൺകുഞ്ഞ് പിറന്ന ദിവസത്തിനും ഒരു പ്രത്യേകതയുണ്ട്. ദുൽക്കറിന്‍റെ ഏറ്റവും പുതിയ ചിത്രം സി.ഐ.എയുടെ റിലീസ് വെള്ളിയാഴ്ച ദിവസമായ ഇന്നായിരുന്നു. ഇടത് അനുഭാവിയായ അജി മാത്യു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദുൽക്കർ എത്തുന്നത്. 2011 ഡിസംബറിലാണ് ദുൽക്കറും ആര്‍ക്കിടെക്റ്റായ സുഫിയ എന്ന അമാലും വിവാഹിതരായത്.

