ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

12:56pm 18/3/2016

ബാഹുബലി മികച്ച ചിത്രം, ബച്ചന്‍ നടന്‍, കങ്കണ നടി

download
ന്യൂഡല്‍ഹി: 63 മത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെയും മികച്ച നടിയായി കങ്കണ റണാവത്തിനെയും തെരഞ്ഞെടുത്തു. സഞ്ജയ് ലീല ഭന്‍സാലി(ബാജിറാവു മസ്താനി)യാണ് മികച്ച സംവിധായകന്‍. സലീം അഹമ്മദ് സംവിധാനം ചെയ്ത ‘പത്തേമാരി’യാണ് മികച്ച മലയാള ചലച്ചിത്രം. മലയാളിയായ വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസം മികച്ച സംസ്‌കൃത ചിത്രത്തിന്റെ പട്ടികയിലും ഇടം നേടി. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഗുജറാത്തിനെ തെരഞ്ഞെടുത്തു. ആദ്യമായാണ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമെന്ന വിഭാഗം- പുരസ്‌കാരത്തില്‍ ഉള്‍പെടുത്തുന്നത്.

പികു എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ബച്ചന് പുരസ്‌കാരം ലഭിച്ചത്. ‘തനു വെഡ്‌സ് മനു റിട്ടേണ്‍സി’ലെ പ്രകടനത്തിനാണ് കങ്കണ പുരസ്‌കാരം നേടിയത്. കഴിഞ്ഞ തവണയും കങ്കണ തന്നെയായിരുന്നു മികച്ച നടി. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ‘കാത്തിരുന്ന് കാത്തിരുന്ന്’ എന്ന ഗാനമൊരുക്കിയ എം.ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍. മികച്ച ബാലതാരമായി മലയാളിയ ഗൗരവ് മേനോനെ തെരഞ്ഞെടുത്തു. ബെന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. സു.സു. സുധി വാത്മീകം, ലുക്കാചുപ്പി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യ പ്രത്യേക പരമാര്‍ശത്തിന് അര്‍ഹനായി. പരിസ്ഥിതി ചിത്രമായി ഡോ. ബിജുവിന്റെ ‘വലിയ ചിറകുള്ള പക്ഷികള്‍’ തെരഞ്ഞെടുത്തു. വി.കെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകമാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം. ക്രിസ്റ്റോ ടോമിയുടെ കാമുകിയാണ് മികച്ച ഹ്രസ്വ ചിത്രം. അരങ്ങിലെ നിത്യ വിസ്മയം എന്ന ഡോക്യുമെന്ററിയിലെ വിവരണത്തിന് അലിയാര്‍ക്കാണ് പുരസ്‌കാരം. സംവിധായകന്‍ രമേശ് സിപ്പി അധ്യക്ഷനായ പതിനൊന്നംഗ ജൂറിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മലയാളത്തില്‍ നിന്ന് ഇത്തവണ 33 ചിത്രങ്ങളാണ് പ്രാദേശിക ജൂറി തിരഞ്ഞെടുത്തത്.