ദേശീയ പതാകയില്‍ നിന്നും പച്ച നിറം ഒഴിവാക്കികാവി നിറമാക്കണമെന്ന് ഭാരതീയ ജനസംഘ്

05:55 pm 6/10/2016
download

ഇന്ത്യന്‍ ദേശീയ പതാകയില്‍ നിന്നും പച്ച നിറം ഒഴിവാക്കി പകരം കാവി നിറമാക്കണമെന്ന് ബി.ജെ.പിയുടെ ആദ്യരൂപമായ ഭാരതീയ ജനസംഘ്. ‘ന്യൂനപക്ഷം എന്ന ആശയം’ തന്നെ ഇല്ലാതാക്കണം എന്ന വാദവും ജനസംഘ് മുന്നോട്ട് വെച്ചിട്ടുണ്ട്.

ഭാരതീയ ജനസംഘിന്റെ മുഖമാസികയായ ജനസംഘിന്റെ സെപ്റ്റംബര്‍ ലക്കത്തിലാണ് ഭാരതത്തിന്‍റെ ദേശീയ പതാകയില്‍ മാറ്റത്തിനായുള്ള നിര്‍ദേശമുളളത്. മാസികയുടെ കവര്‍ പേജായി നല്‍കിയിരിക്കുന്നത് പച്ചനിറം വെട്ടിമാറ്റിയ നിലയിലുള്ള ഇന്ത്യന്‍ ദേശീയ പതാകയുടെ മാതൃകയാണ്.

മുകളിലും താഴെയും കാവിയും നടുക്ക് വെള്ളയുമാണ് ഇവര്‍ മുന്നോട്ടുവെക്കുന്ന മാതൃക. ‘ന്യൂനപക്ഷം എന്ന ആശയം ഇല്ലാതാക്കുക, പച്ചയില്ലാത്ത പുതിയ കൊടിയാണ് ഞങ്ങള്‍ക്കു വേണ്ടത്’ എന്ന മുദ്രാവാക്യം കവര്‍പേജിലൂടെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

‘1947ല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യാ വിഭജനം നടന്നത് എന്നൊരു കുറിപ്പും ഈ പതാകയ്ക്ക് അടിയിലായി നല്‍കിയിട്ടുണ്ട്.

ദേശീയ പതാകയിലെ ഹരിത നിറം ജീവന്‍ നിലനിര്‍ത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുമുള്ള ബന്ധത്തേയുമാണ് സൂചിപ്പിക്കുന്നതെന്നാണ് ഔദ്യോഗികമായ നിര്‍വചനം. എന്നാല്‍ ഇത് ബഹുസ്വരതയെയും ഇസ്‌ലാമിനെയുമാണ് സൂചിപ്പിക്കുന്നതെന്ന വ്യാഖ്യാനങ്ങളുടെ മറപിടിച്ചാണ് ഭാരതീയ ജനസംഘ് ഇത്തരമൊരു നിര്‍ദേശം വെച്ചിരിക്കുന്നത്.

‘ന്യൂനപക്ഷം എന്ന ആശയം ഇല്ലാതാക്കുക’ (Abolish Minority Concept) എന്ന തലക്കെട്ടിലുള്ള കവര്‍ സ്റ്റോറിയുമാണ് സെപ്റ്റംബര്‍ ലക്കം പുറത്തിറങ്ങിയത്.

ഭാരതീയ ജനസംഘിന്റെ മുന്‍ പ്രസിഡന്റായ ദീന്‍ദയാല്‍ ഉപാധ്യായുടെ നൂറാം ജന്മവാര്‍ഷികം ബി.ജെ.പി വിപുലമായി ആഘോഷിച്ചിരുന്നു. ഈ വേളയില്‍ വന്ന ലക്കത്തിലാണ് ഭാരതീയ ജനസംഘ്

ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചത് എന്നത് ശ്രദ്ധേയമാണ്.

1977 വരെ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ മുഖമായിരുന്നു ഭാരതീയ ജനസംഘ്. 1980ല്‍ ഇതില്‍ നിന്നും ബി.ജെ.പി ഉണ്ടായി. എന്നാല്‍ പഴയ പേരില്‍ ഭാരതീയ ജനസംഘ് ചെറിയ രൂപത്തില്‍ ഇപ്പോഴും നില നില്‍കുന്നുണ്ട്.