ദൈവനിന്ദാക്കുറ്റം ആരോപിച്ചു ജയിലില്‍ അടച്ച പാക്കിസ്ഥാന്‍ യുവതിക്കു വേണ്ടി യുഎസ് സെനറ്റില്‍ പ്രമേയം

11:49 am 7/4/2017


വാഷിങ്ടണ്‍ : ദൈവനിന്ദാക്കുറ്റം ആരോപിച്ചു ജയിലിലാക്കിയ പാക്ക് യുവതിയുടെ മോചനത്തിനു പ്രമുഖ അമേരിക്കന്‍ സെനറ്റര്‍മാര്‍ ഇടപെട്ടു. പഞ്ചാബ് പ്രവിശ്യയിലെ നങ്കാന സ്വദേശിയും അഞ്ചു മക്കളുടെ അമ്മയുമായ ആസിയ നൂറിന്‍ എന്ന ക്രിസ്ത്യന്‍ യുവതിയാണു ജയിലില്‍ കഴിയുന്നത്. ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ചു 2010ല്‍ ആണ് ആസിയയെ തടവിലാക്കിയത്.

ജീവിതാവസാനം വരെ ജയിലില്‍ കഴിയേണ്ടിവരും. രാജ്യാന്തര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആസിയയുടെ വധശിക്ഷ ജീവപര്യന്തമാക്കിയത്. മുതിര്‍ന്ന സെനറ്റര്‍മാരായ റാന്‍ഡ് പോള്‍, ക്രിസ് കൂണ്‍സ് എന്നിവരാണു യുഎസ് സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചത്. വിവാദമായ ദൈവനിന്ദാനിയമം പിന്‍വലിക്കണമെന്നും പ്രമേയം പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നു. ആസിയയെ വിട്ടയയ്ക്കണമെന്നും ക്രിസ്ത്യാനികള്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും റാന്‍ഡ് പോള്‍ ആവശ്യപ്പെട്ടു.

സ്വന്തം വിശ്വാസങ്ങള്‍ പിന്തുടരുന്നതിന്റെ പേരില്‍ ലോകത്ത് ഒരിടത്തും ആരും ക്രൂശിക്കപ്പെടരുതെന്നു ക്രിസ് കൂണ്‍സ് പറഞ്ഞു. പാക്കിസ്ഥാനില്‍ 1985ല്‍ നിലവില്‍ വന്ന നിയമം അനുസരിച്ച് ഒരാള്‍ ദൈവനിന്ദ നടത്തിയതായി മറ്റൊരാള്‍ ചൂണ്ടിക്കാട്ടിയാല്‍പോലും നിയമത്തിന്റെ വലയില്‍ കുടുങ്ങും. അതിനാല്‍ പലരും ഈ നിയമം ദുരുപയോഗം ചെയ്യുന്നതായി വ്യാപകമായ ആക്ഷേപമുണ്ട്. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെ കുടുക്കാന്‍ തീവ്രവാദികള്‍ ഈ നിയമം ഉപയോഗിക്കാറുണ്ട്. ഈ കരിനിയമത്തിനെതിരെ നിലപാടെടുത്ത പഞ്ചാബിലെ ഗവര്‍ണര്‍ സല്‍മാന്‍ തസീര്‍ ജയിലിലായ ആസിയയെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നു 2011ല്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.