ധാക്കയില്‍ വെടിവെപ്പ്; 20 വിദേശികൾ കൊല്ലപ്പെട്ടു

07:30pm 02/07/2016

_90194913_033833237

ധാക്ക: ധാക്കയിലെ റസ്​​േറ്റാറൻറിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ പെൺകുട്ടിയും. താരിഷി ​ജെയിൻ (19) ആണ്​ കൊല്ലപ്പെട്ടതെന്ന്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​ ട്വിറ്ററിൽ അറിയിച്ചു. ധാക്കയിൽ വസ്​ത്ര വ്യാപാരിയായ ന്യൂഡൽഹി സ്വദേശി സഞ്​ജീവ്​ ​ജെയിനി​െൻറ മകളാണ്​ താരിഷി. യുഎസിലെ യൂനിവേഴ്​സിറ്റി ഒാഫ്​ കാലിഫോർണിയ, ബെർക്ക്​ലിയിൽ വിദ്യാർഥിനിയായ താരിഷി അവധി ആഘോഷിക്കാനാണ്​​ ധാക്കയിലെത്തിയത്​. കൊല്ലപ്പെട്ടവരിൽ യു.എസ്​ പൗരനും ഉൾപ്പെട്ടതായി വൈറ്റ്​ ഹൗസ് വിദേശകാര്യ വകുപ്പും സ്​ഥിരീകരിച്ചു. എന്നാൽ ഇയാളുടെ പേര്​ വെളിപ്പെടുത്തിയിട്ടില്ല.

ബംഗ്ലാദേശ്​ തലസ്ഥാന നഗരത്തെ നടുക്കിയ ഭീകരാക്രമത്തിൽ ആകെ 20 വിദേശികളാണ് കൊല്ലപ്പെട്ടത്​. നയതന്ത്ര മേഖലയിൽ ഗുല്‍ഷനിലെ റസ്​റ്റോറൻറിലാണ്​ ഭീകരാക്രമണമുണ്ടായത്​. 20 മൃതശരീരങ്ങൾ കണ്ടെത്തിയതായും അതിൽ മിക്കവയും മാരാകായുധങ്ങൾ കൊണ്ട് കുത്തേറ്റ നിലയിലായിരുന്നുവെന്നും ബംഗ്ലാദേശ് സൈനിക മേധാവി ജനറൽ നയീം അശ്ഫാഖ് ചൗധരി അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഇറ്റലി, ജപ്പാൻ പൗരന്മാർ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

റസ്​​േറ്റാറൻറിൽ 35 പേരെയാണ് ഭീകരർ ബന്ദികളാക്കിയത്. കമാൻഡോ സംഘവും ഭീകരരുമായി 10 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ 13 പേരെ സുരക്ഷാ സംഘം മോചിപ്പിച്ചിരുന്നു. ആറ് ഭീകരരെ സൈന്യം വധിച്ചു. ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടിയതായി പ്രധാനമന്ത്രി ശൈഖ് ഹസീന അറിയിച്ചു.

ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു .

നൂറോളം വരുന്ന കമാൻഡോ സംഘമാണ് ഭീകരർ താവളമടിച്ച റസ്റ്റാറന്‍റിലേക്ക് ഇരച്ചുകയറി ഏതാനും ബന്ദികളെ മോചിപ്പിച്ചത്. കെട്ടിടത്തിന് പുറത്ത് ആംബുലൻസ് അടക്കമുള്ള മുൻകരുതൽ സൗകര്യങ്ങൾ ഒരുക്കിയ ശേഷമായിരുന്നു സൈനിക നടപടി.

വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് ഹൊലേ ആർട്ടിസാൻ എന്ന സ്പാനിഷ് റസ്റ്റാറന്‍റിനുള്ളിലേക്ക് ഇരച്ചു കയറിയ ഭീകരർ വിദേശികള്‍ ഉള്‍പ്പെടെയുള്ള 35 പേരെ ബന്ദികളാക്കിയത്. ബന്ദികളിൽ ഏഴ് ഇറ്റാലിയൻ പൗരന്മാരും ഉൾപ്പെട്ടിരുന്നു. ഭീകരർ ‘അല്ലാഹു അക്ബർ’ എന്ന് മുദ്രാവാക്യം മുഴക്കുകയും ഖുർആൻ പാരായണം ചെയ്യാനറിയുന്ന ബന്ദികളെ വിട്ടയച്ചതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.