ധോണി എകദിന, ട്വൻറി 20 ക്യാപ്​റ്റൻ സ്​ഥാനം ​ഒഴിഞ്ഞു

09:43 am 5/01/2017
download (3)
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏകദിന- ട്വന്‍റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം മഹേന്ദ്ര സിങ് ധോണി ഒഴിഞ്ഞു. ഇംഗ്ളണ്ടിനെതിരായ ഏകദിന, ട്വന്‍റി20 പരമ്പരക്കുള്ള ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് നാടകീയമായി ധോണിയുടെ പിന്മാറ്റം.
2007ല്‍ ആദ്യ ട്വന്‍റി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ നേടിയത് ധോണിയുടെ നായകത്വത്തിലായിരുന്നു. 2014ല്‍ ആസ്ട്രേലിയന്‍ പര്യടനത്തിനിടയിലായിരുന്നു അതിനാടകീയമായി ധോണി ടെസ്റ്റ് ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞത്. അതിനുശേഷം ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത വിരാട് കോഹ്ലിയുടെ കീഴില്‍ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞെങ്കിലും ടീം സെലക്ഷനില്‍ താന്‍ ലഭ്യമായിരിക്കുമെന്ന് ധോണി അറിയിച്ചിട്ടുണ്ട്. ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന സ്ഥാനത്തേക്ക് ധോണിയുണ്ടാവുമെന്നാണ് സൂചന.
ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണെന്നും ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ ലോകത്തിന്‍െറ നെറുകയിലത്തെിയെന്നും ഇന്ത്യയിലെ മുഴുവന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കും ബി.സി.സി.ഐക്കുംവേണ്ടി ധോണിയോട് നന്ദി പറയുന്നതായി ബി.സി.സി.ഐ ചീഫ് എക്സിക്യൂട്ടിവ് രാഹുല്‍ ജോഹ്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

2004 ഡിസംബര്‍ 23ന് ചിറ്റഗോങ്ങില്‍ ബംഗ്ളാദേശിനെതിരായ ഏകദിനത്തില്‍ അരങ്ങേറ്റംകുറിച്ച ധോണി 283 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 2005 ഡിസംബറില്‍ ശ്രീലങ്കക്കെതിരെ ചെന്നൈയില്‍ മഴയില്‍ കുതിര്‍ന്ന മത്സരത്തിലായിരുന്നു ടെസ്റ്റ് കളിക്കാന്‍ ആദ്യമായി കളത്തിലിറങ്ങിയത്. 90 ടെസ്റ്റുകളില്‍ ധോണി ഇന്ത്യന്‍ കുപ്പായമണിഞ്ഞു. 73 ട്വന്‍റി20 മത്സരങ്ങളിലും ധോണി ഇന്ത്യക്കായി കളിച്ചു. ഏകദിനത്തില്‍ 246 ഇന്നിങ്സുകളില്‍നിന്ന് 9110 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ഇതില്‍ ഒമ്പത് സെഞ്ച്വറികളും 61 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 183 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 50.89 എന്ന മികച്ച ശരാശരിയാണ് ധോണിയുടേത്. 267 ക്യാച്ചുകളും 92 സ്റ്റംപിങ്ങും ധോണിയുടെ പേരിലുണ്ട്.

ടെസ്റ്റില്‍ 144 ഇന്നിങ്സില്‍നിന്ന് 4876 റണ്‍സ് നേടിയിട്ടുണ്ട്. ആറ് സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും 256 ക്യാച്ചുകളും 38 സ്റ്റംപിങ്ങും ധോണിക്ക് സ്വന്തം.
കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ടെസ്റ്റില്‍ അപാരമായ ഫോമിലാണ് ഇന്ത്യന്‍ ടീം. അതേസമയം, പരിമിത ഓവര്‍ ക്രിക്കറ്റില്‍ ധോണിയുടെ നായകത്വത്തില്‍ ഈ മികവ് പ്രകടിപ്പിക്കാനുമാകുന്നില്ല.
ക്യാപ്റ്റന്‍സി ഒഴിയേണ്ടിവരുമെന്ന സാഹചര്യം മുന്നില്‍കണ്ട് ധോണി സ്വയമൊഴിയുകയായിരുന്നു എന്നാണ് ബി.സി.സി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.