നടന്‍ കലാഭവന്‍ മണിയുടെ മരണം: കീടനാശിനി ഉള്ളില്‍ ചെന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തല്‍

11:41am 23/3/2016

images (3)
കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണി വിഷം ഉള്ളില്‍ ചെന്നതിന്റെ ഒരു ലക്ഷണവും പ്രകിടിപ്പിച്ചിരുന്നില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി.
മണിയെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ നിന്നും ലാബ് ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. അബോധാവസ്ഥയിലായ ദിവസവും മണി പതിവ് മരുന്നുകള്‍ കഴിച്ചിരുന്നു. കീടനാശിനി കഴിച്ചതിന്റെ ലക്ഷണങ്ങളില്ലായിരുന്നുവെന്നും എന്നാല്‍ രക്തത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്നിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കാക്കനാട്ടെ മേഖലാ കെമിക്കല്‍ അനലൈസേഴ്‌സ് ലാബില്‍ നടത്തിയ പരിശോധനയില്‍ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെങ്കിലും മരണത്തിന് കാരണമാകുന്ന അളവില്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കീടനാശിനിയായ ക്ലോര്‍പൈറിഫോസിന്റ അളവ് താരതമ്യേന കൂടുതലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

കീടനാശിനി ഉള്ളിലെത്തിയാല്‍ രൂക്ഷമായ ഗന്ധമുണ്ടാകും. മണിയെ ആശുപത്രിയില്‍ കൊണ്ടുപോകും മുന്‍പ് പരിശോധിച്ച ഡോക്ടറും ചികില്‍സിച്ച അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരും ഈ ഗന്ധമുണ്ടായിരുന്നില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്‍ക്വസ്റ്റ് തയാറാക്കിയ പൊലീസ് ഉദ്യോഗസ്ഥരും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘവും കീടനാശിനിയുടെ ഗന്ധം ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. മണിയെ ചികില്‍സിച്ച അമൃത ആശുപത്രിയില്‍ നടത്തിയ ടോക്‌സിക്കോളജി പരിശോധനയിലും കീടനാശിനി അകത്തു ചെന്നതായി സൂചനയില്ല. മദ്യത്തിനൊപ്പം സാലഡും ബദാം, കശുവണ്ടി പോലുള്ള പരിപ്പ് വര്‍ഗങ്ങളും കഴിച്ചതുവഴിയും കീടനാശിനി കരളില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ടുകളും മൊഴികളും തമ്മിലുള്ള വൈരുധ്യങ്ങള്‍ മൂലം മണിയുടെ രക്തത്തിന്റെയും ആന്തരികാവയവങ്ങളുടെയും സാമ്പിളുകള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് വിദഗ്ധ പരിശോധനക്ക് അയക്കാനുള്ള ആലോചനയിലാണ് പൊലീസ്. കേന്ദ്ര ലാബിലെ പരിശോധനാ ഫലത്തിന് കാത്തിരിക്കാനും അന്വേഷണ സംഘം തീരുമാനിച്ചു.

അതേസമയം, കലാഭവന്‍ മണിയുടെ പോസ്റ്റ് മോര്‍ട്ടത്തിന്റെ സമ്പൂര്‍ണ റിപ്പോര്‍ട്ട് ഇന്നലെ രാത്രി പൊലീസിന് ലഭിച്ചു. ഗുരുതരമായ കരള്‍ രോഗവും ആന്തരിക രക്തസ്രാവവും കിഡ്നി തകരാറുമാണ് മരണകാരണമായതെന്നാണ് റിപ്പോര്‍ട്ട്.

അന്വേഷണങ്ങളും പരിശോധനകളും വിരല്‍ ചൂണ്ടുന്നത് കലാഭവന്‍ മണിയുടേതു സ്വാഭാവിക മരണമായിരിക്കാമെന്ന നിഗമനത്തിലേക്കാണ്. മരണം അന്വേഷിക്കുന്ന സംഘത്തിന് സംശയകരമായതൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസില്‍ ഇരുന്നൂറോളം പേരെ ചോദ്യം ചെയ്‌തെങ്കിലും ആത്മഹത്യയോ കൊലപാതകമോ ആകാനുള്ള സാധ്യത നിരാകരിക്കുന്ന മൊഴികളാണ് ഇതുവരെ പൊലീസിന് ലഭിച്ചത്.