നടി ആക്രമിക്കപ്പെട്ട കേസ്: തനിക്കെതിരായ മാധ്യമവേട്ടയായിരുന്നെന്ന് നടൻ ദിലീപ്

09:37 am 6/3/2017

download
തൃശൂർ: കൊച്ചിയിൽ യുവനടിക്കെതിരായ ആക്രമണത്തെ തുടർന്നുണ്ടായത് തനിക്കെതിരായ മാധ്യമവേട്ടയായിരുന്നെന്ന് നടൻ ദിലീപ്. നടിയെ അക്രമിച്ചവരെ കണ്ടുപിടിക്കേണ്ടത് മറ്റാരേക്കാളും തന്‍റെ ആവശ്യമാണെന്നും തനിക്കെതിരേ വൻ ഗൂഡാലോചന നടന്നെന്നും ദിലീപ് പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ ജോർജേട്ടൻസ് പൂരത്തിന്‍റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം വിവാദവിഷയങ്ങളിൽ പ്രതികരിച്ചത്.

നടി ആക്രമിക്കപ്പെട്ടതിനുശേഷം തനിക്കെതിരായ ഗൂഢാലോചന തുടങ്ങിയത് ബോംബെയിൽനിന്നുള്ള ഒരു ഇംഗ്ലീഷ് പത്രത്തിൽനിന്നാണെന്നാണ് മനസിലാക്കുന്നത്. കേസിൽ തന്നെ ചോദ്യം ചെയ്തു, മഫ്തിയിൽ പോലീസ് വന്നു എന്നിങ്ങനെ വാർത്തകൾ വന്നു. തന്‍റെ പ്രേക്ഷകരുടെ മനസിൽ വിഷം കുത്തിവയ്ക്കാനുള്ള ശ്രമങ്ങളാണ് തുടർന്നുണ്ടായത്. താൻ മാധ്യമവേട്ടയുടെ ബലിയാടായി. നടിക്കെതിരായി ക്വട്ടേഷൻ എന്നു വാർത്തകളുണ്ടായിരുന്നെങ്കിലും ക്വട്ടേഷൻ തനിക്കെതിരേയായിരുന്നു. എനിക്കു മകളുണ്ട്, അമ്മയുണ്ട്, സഹോദരിയുണ്ട്. കുറ്റവാളികളെ കണ്ടുപിടിക്കേണ്ടത് മറ്റാരേക്കാളും തന്‍റെ ആവശ്യമാണെന്നും ദിലീപ് പറഞ്ഞു.