02:50 pm 14/2/2017
അടിമാലി: ഇടുക്കി കല്ലാറിൽ വച്ച് നടൻ ബാബുരാജിനെ ഭൂമി സംബന്ധിച്ച തർക്കത്തിനിടെ വെട്ടേറ്റു. ഇടതുതോളിന് വെട്ടേറ്റ ബാബുരാജിനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലാർ സ്വദേശി പറമുട്ടം സണ്ണിയാണ് ബാബുരാജിനെ വാക്കത്തികൊണ്ട് വെട്ടിയത്.
ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. വൈറ്റ് മിസ്റ്റ് എന്ന പേരിൽ കല്ലാറിൽ ബാബുരാജ് റിസോർട്ട് നടത്തുന്നുണ്ട്. ഈ റിസോർട്ടിലെ വെള്ളത്തിന്‍റെ ആവശ്യത്തിനായി സമീപത്തെ സണ്ണിയുടെ 10 സെന്‍റ് ഭൂമി ബാബുരാജ് നേരത്തെ വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. രാവിലെ ബാബുരാജ് വാങ്ങിയ ഭൂമിയിൽ കുളംകുത്തുന്നതിനിടെ സണ്ണി എത്തി തടയാൻ ശ്രമിച്ചതോടെയാണ് സംഭവത്തിന്‍റെ തുടക്കം. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് സണ്ണി വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടിയത്.