നാട്ടകം റാഗിംഗ്: അഞ്ചു വിദ്യാര്‍ഥികള്‍ കീഴടങ്ങി

09:09 AM 19/12/2016
Newsimg1_85073926

കോട്ടയം: നാട്ടകം ഗവണ്‍മെന്റ് പോളി ടെക്‌നിക് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ നിധിന്‍, പ്രവീണ്‍, ശരണ്‍, ജെറിന്‍, ജയപ്രകാശ് എന്നിവരാണ് ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്.

കഴിഞ്ഞ 12ന് രാത്രി 11നു ഹോസ്റ്റലില്‍നിന്നു ബലമായി ഇറക്കിക്കൊണ്ടുപോയി മറ്റൊരു മുറിയില്‍ റാഗ് ചെയ്‌തെന്നാണു കേസ്. വസ്ത്രങ്ങള്‍ അഴിച്ചുവയ്പ്പിച്ചു പലതരത്തിലുള്ള വ്യായാമം ചെയ്യിപ്പിച്ചു മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണു വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നത്. മെക്കാനിക്കല്‍ ഡിപ്ലോമ കോഴ്‌സില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണു റാഗിംഗിന് ഇരയായത്.

റാഗിംഗിനു വിധേയരായ ഷൈജു ഡി. ഗോപി ചേരാനെല്ലൂരില്‍ സ്വകാര്യ ആശുപത്രിയിലും അവിനാഷ് തൃശൂരിലും ചികിത്സയിലാണ്. എറണാകുളം ചേരാനെല്ലൂര്‍ പാലിയംതുരുത്ത് സ്വദേശി ഷൈജു ഡി. ഗോപിയുടെ പരാതിയിലാണു ചിങ്ങവനം പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നു തൃശൂര്‍ സ്വദേശി അവിനാഷിന്റെ പരാതിയിലും എട്ടു പ്രതികള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചങ്ങനാശേരി ഡിവൈഎസ്പി വി. അജിത്ത് പറഞ്ഞു. കേസില്‍ പ്രതികളായ എട്ടു വിദ്യാര്‍ഥികളെ കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.