നാദ ചുഴലിക്കാറ്റ് വെള്ളിയാഴ്ച തമിഴ്നാട് തീരത്ത്

09:31 AM 01/12/2016
images
ചെന്നൈ: ന്യൂനമര്‍ദത്തത്തെുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘നാദ’ ചുഴലിക്കാറ്റ് വെള്ളിയാഴ്ച തമിഴ്നാട് തീരങ്ങളില്‍ എത്തുന്നതോടെ തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, രായലസീമ തീരപ്രദേശങ്ങളില്‍ കനത്ത മഴക്ക് സാധ്യത. കേരളത്തിലും കര്‍ണാടകയുടെ തെക്കന്‍ ഉള്‍പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് ചെന്നൈ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, കടലൂര്‍, നാഗപട്ടണം ജില്ലകളില്‍ സ്കൂളുകള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. പുതുച്ചേരി, കാരക്കല്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് പുതുച്ചേരി സര്‍ക്കാറും അവധി നല്‍കി. മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന അധികൃതര്‍ തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ലഫ്. ജനറല്‍ എന്‍.സി. മാര്‍വ തമിഴ്നാട് ചീഫ് സെക്രട്ടറി പി. രാമമോഹന റാവുമായി ചര്‍ച്ച നടത്തി.

പുതുച്ചേരി തീരത്തുനിന്ന് 735 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ശക്തിയേറിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇത് തീരത്തോട് അടുക്കുന്തോറും ചുഴലിക്കാറ്റായി രൂപാന്തരമുണ്ടാകും. വേദാരണ്യത്തിനും പുതുച്ചേരിക്കും മധ്യേ കടലൂര്‍ തീരങ്ങളില്‍ നാളെ രാവിലെ എത്തുന്ന ചുഴലിക്കാറ്റിന് ഒമാനാണ് നാദ എന്ന പേര് നല്‍കിയത്.