നാലാം ടെസ്റ്റിൽ ഇന്ത്യ ലീഡിനായി പോരുതുന്നു.

05:44 pm 26/3/2017
images

ധർമശാല: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ലീഡിനായി പോരുതുന്നു. മികച്ച തുടക്കത്തിനുശേഷം തകർന്നടിഞ്ഞ ഇന്ത്യ രണ്ടാം ദിനം കളി അവസാനിപ്പിക്കുന്പോൾ 248/6 എന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 300 റണ്‍സിനൊപ്പമെത്താൻ നാല് വിക്കറ്റ് അവശേഷിക്കെ ഇന്ത്യയ്ക്ക് 52 റണ്‍സ് കൂടി വേണം. 10 റണ്‍സുമായി വൃദ്ധിമാൻ സാഹയും 16 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഓപ്പണർ കെ.എൽ.രാഹുൽ, ചേതേശ്വർ പൂജാര എന്നിവരുടെ അർധ സെഞ്ചുറികളും നഥാൻ ലിയോണിന്‍റെ നാലു വിക്കറ്റ് നേട്ടവുമായിരുന്നു രണ്ടാം ദിവസത്തിന്‍റെ സവിശേഷത.

രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽതന്നെ മുരളി വിജയിയെ നഷ്ടമായി. ഹേസൽവുഡിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങുന്പോൾ 11 റണ്‍സായിരുന്നു വിജയ് യുടെ സന്പാദ്യം. രണ്ടാം വിക്കറ്റിൽ പൂജാരയും രാഹുലും 86 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. അർധസെഞ്ചുറി തികച്ചയുടൻ ഇരുവരും പുറത്തായി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ ഇന്ത്യക്കു വിക്കറ്റുകൾ നഷ്ടമായി. രാഹുൽ(60), പൂജാര(57), നായകൻ രഹാന(46), അശ്വിൻ(30), കരുണ്‍ നായർ(5) എന്നിങ്ങനെയായിരുന്നു ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പ്രകടനം. ഓസ്ട്രേലിയക്കായി നാല് വിക്കറ്റ് വീഴ്ത്തിയ ലിയോണിനു പുറമേ കുമ്മിൻസും ഹേസൽവുഡും ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ നായകൻ സ്റ്റീവ് സ്മിത്തിന്‍റെ സെഞ്ചുറി മികവിലാണ് ഓസ്ട്രേലിയ 300 റണ്‍സെടുത്തത്. സ്മിത്ത് 111 റണ്‍സെടുത്തപ്പോൾ വാർണറും (56) വേഡും (57) അർധ സെഞ്ചുറി നേടി. പരന്പരയിലെ സ്മിത്തിന്‍റെ മൂന്നാം സെഞ്ചുറിയായിരുന്നു ഇത്. പരന്പരയിൽ ഓരോ മത്സരം ജയിച്ചുനിൽക്കുന്ന ഇരു ടീമുകൾക്കും അവസാന ടെസ്റ്റ് നിർണായകമാണ്.