നാലു വര്‍ഷങ്ങള്‍ക്കുശേഷം ശബരിമലയില്‍ ദര്‍ശനത്തിന് യേശുദാസ് എത്തി

08:39 am 22/9/2016
images (7)
ശബരിമല: അയ്യപ്പന്‍െറ ഉറക്കുപാട്ട് ഗാനഗന്ധര്‍വന്‍െറ കണ്ഠത്തില്‍നിന്ന് നേരിട്ടുകേട്ട നിര്‍വൃതിയില്‍ ദര്‍ശനത്തിന് എത്തിയവര്‍ മലയിറങ്ങി. ഗാനഗന്ധര്‍വന്‍ യേശുദാസ് നാലു വര്‍ഷങ്ങള്‍ക്കുശേഷം ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയപ്പോഴാണ് നട അടക്കുമ്പോള്‍ പതിവുള്ള ‘ഹരിവരാസനം’ നേരിട്ട് പാടിയത്.

നാലു വര്‍ഷം മുമ്പ് ഹരിവരാസനം പുരസ്കാരം സ്വീകരിക്കാന്‍ ശബരിമലയില്‍ എത്തിയപ്പോഴും ഹരിവരാസനം പാടിയാണ് അദ്ദേഹം കച്ചേരി അവസാനിപ്പിച്ചത്. പുലര്‍ച്ചെ 4.40ഓടെ പമ്പയിലത്തെിയ യേശുദാസും സംഘവും 7.40ഓടെ സന്നിധാനത്ത് എത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഉച്ചപൂജയും തൊഴുത് കലശം ആടുന്നതും കളഭാഷിഷേകവും കണ്ട ശേഷം പ്രയാറിനും മേല്‍ശാന്തിക്കും ഒപ്പം ഭക്ഷണം കഴിച്ച അദ്ദേഹം പിന്നീട് ദീപാരാധന തൊഴുത് വിശ്രമിച്ചതിനുശേഷമാണ് രാത്രി ഹരിവരാസനം പാടിയത്.ഇത്തവണ ഡോളിയുടെ സഹായത്തോടെയാണ് സന്നിധാനത്ത് എത്തിയത്. വ്യാഴാഴ്ച അടക്കുന്ന നട തുലാമാസ പൂജകള്‍ക്കായി ഒക്ടോബര്‍ 16ന് തുറക്കും.