04:07 pm 12/5/2017
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും അന്വേഷണം നേരിടണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ആദായനികുതി വകുപ്പിന് അന്വേഷണം നടത്താമെന്നും കോടതി നിരീക്ഷിച്ചു. നാഷണൽ ഹെറാൾഡിന്‍റെ അനധികൃത ഓഹരി കൈമാറ്റ കേസിലാണ് കോടതി വിധി.
നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ യംഗ് ഇന്ത്യ കന്പനി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതി നൽകിയത്.
നാഷണല്‍ ഹെറാള്‍ഡിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന 2000 കോടിയോളം വിലമതിക്കുന്ന കെട്ടിടം സ്വന്തമാക്കാനാണ് കോണ്‍ഗ്രസ് 90 കോടിയുടെ വായ്പ നല്‍കിയതെന്നും അത് ലഭിച്ചു കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് എഴുതിത്തള്ളിയത് 50 ലക്ഷം രൂപ മാത്രമാണെന്നും ഇതില്‍ ക്രമക്കേടുണ്ടന്നുമായിരുന്നു സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ആരോപണം.
2008ല്‍ പൂട്ടിയ നാഷണല്‍ ഹെറാള്‍ഡ് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു 1938ലാണ് തുടങ്ങിയത്. നഷ്ടത്തിലായതിനെത്തുടര്‍ന്ന് 2008ല്‍ സോണിയ ഗാന്ധി തന്നെയാണ് പത്രത്തിന്‍റെ പ്രസിദ്ധീകരണം നിര്‍ത്തിയതും. മുഖ്യ പ്രസാധകരായിരുന്ന അസോസിയേറ്റ് ജേണല്‍ ലിമിറ്റഡിനു കോണ്‍ഗ്രസ് 90.25 കോടി വായ്പ കൊടുത്താണ് യംഗ് ഇന്ത്യ കന്പനിയിലൂടെ ഇതു തിരിച്ചെടുത്തത്. ഈ തുക പിന്നീട് കോണ്‍ഗ്രസ് എഴുതിത്തള്ളുകയും ചെയ്തു.
ഈ നടപടി നിയമവിരുദ്ധമാണെന്നും 2010 ഡിസംബര്‍ 28ന് കന്പനി സോണിയയുടെയും രാഹുലിന്‍റെയും കീഴിലുള്ള ചാരിറ്റി സ്ഥാപനമായ യംഗ് ഇന്ത്യക്കു കൈമാറുന്പോള്‍ കന്പനിയുടെ വായ്പ 50 ലക്ഷമാണെന്നാണ് കാണിച്ചിരിക്കുതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു.