നിര്‍ഭയ കേസില്‍ നാലുപ്രതികളുടേയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു.

04:30 pm 5/5/2017

ന്യൂഡൽഹി: സമാനതകളില്ലാത്ത ക്രൂരതയാണ് പ്രതികൾ ചെയ്തതെന്ന് വധശിക്ഷ റദ്ദാക്കണമെന്ന ഹരജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. പൈശാചികവും നിഷ്ഠൂരവുമായി കൊലപാതകവുമാണ് പ്രതികൾ നടത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന പരാമര്‍ശം ഈ കേസില്‍ വളരെ ശരിയാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നീ പ്രതികളാണ് സാകേത് വിചാരണക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

വധശിക്ഷ ഒഴിവാക്കി പ്രതികള്‍ക്ക് ആജീവനാന്ത തടവുശിക്ഷ നല്‍കുന്നതും പരിഗണിക്കണമെന്ന് കേസിലെ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഇക്കാര്യംപരിഗണിച്ചില്ല. വധശിക്ഷക്ക്​ ഉത്തരവിടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ വിചാരണക്കോടതി പാലിച്ചില്ലെന്നും​ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്​ നൽകിയിരുന്നു.

2016 ഡിസംബര്‍ 16-നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പിന്നീട് മരിച്ചു. കേസിൽ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. കേസിലെ മുഖ്യപ്രതിയും ബസ് ഡ്രൈവറുമായിരുന്ന രാംസിങ് വിചാരണക്കാലയളവില്‍ ജയിലില്‍ ആത്മഹത്യചെയ്തു. മറ്റൊരുപ്രതിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ കോടതിയിലാണ് വിചാരണ നടന്നത്. മൂന്നുവര്‍ഷത്തെ തടവിനുശേഷം ഇയാള്‍ പുറത്തിറങ്ങി. മറ്റ് പ്രതികളായ മുകേഷ്, പവന്‍, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. ഡൽഹി ഹൈകോടതി ഇത് ശരിവെച്ചു.