വാഷിംഗ്ടൺ: നിയമപരമായ കുടിയേറ്റത്തെ അനുകൂലിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ ട്രംപ്, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തെ പിന്തുണയ്ക്കുന്നതായും ഇക്കണോമിസ്റ്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മെരിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള ഹൈടെക് ജീവനക്കാർക്ക് പ്രയോജനകരമാകുമെന്നും ട്രംപ് പറഞ്ഞു.
മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സന്പ്രദായം പിന്തുടരുന്ന ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളെ പുകഴ്ത്താനും ട്രംപ് മറന്നില്ല. എന്നാൽ താൻ പുതിയതായി അവതരിപ്പിക്കാൻ പോകുന്ന കുടിയേറ്റ നിയമത്തെക്കുറിച്ച് സൂചനകൾ നൽകാനും ട്രംപ് തയാറായില്ല. നിപുണരായ,രാജ്യത്തെ സ്നേഹിക്കുന്ന രാജ്യത്തിനു സംഭാവനകൾ നൽകുന്ന ആളുകൾ യുഎസിലേക്കു വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും ട്രംപ് പറഞ്ഞു.