07:28 am 12/2/2017

ന്യൂഡല്‍ഹി: തനിക്ക് ലഭിച്ച നൊബേല്‍ പുരസ്കാരം കളവുപോയതില്‍ അതിയായ ദു$ഖമുണ്ടെന്ന് കൈലാശ് സത്യാര്‍ഥി. ഈ മാസം ഏഴിനാണ് സത്യാര്‍ഥിയുടെ വീട്ടില്‍നിന്ന് നൊബേല്‍ മെഡലിന്‍െറ മാതൃകയും സര്‍ട്ടിഫിക്കറ്റും മോഷണം പോയത്. സംഭവസമയം തെക്കന്‍ അമേരിക്കന്‍ രാജ്യമായ പനാമയില്‍ കുടുംബസമേതം പ്രസിഡന്‍റിന്‍െറ വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന സത്യാര്‍ഥി ശനിയാഴ്ചയാണ് വീട്ടില്‍ തിരിച്ചത്തെിയത്.
‘‘മോഷ്ടാക്കള്‍ അലങ്കോലമാക്കിയ വീട് കണ്ടപ്പോള്‍ എനിക്കും ഭാര്യക്കും താങ്ങാനാവാത്ത വേദനയുണ്ടായി. എല്ലാം സുരക്ഷിതമായി ഇരിക്കുമെന്ന് കരുതിയും എന്‍െറ ജനങ്ങളെക്കുറിച്ചുള്ള വിശ്വാസവും കൊണ്ടാണ് എല്ലാം വീട്ടില്‍തന്നെ വെച്ച് വിദേശസന്ദര്‍ശനത്തിന് പോയത്. എന്നാല്‍, സംഭവിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി. മോഷണവിവരം അറിഞ്ഞപ്പോള്‍ ആരോടും പങ്കുവെച്ചില്ല. രാജ്യത്തിന്‍െറ അഭിമാനകരമായ ഒരു വസ്തു മോഷണം പോയെന്ന് പറയുന്നത് രാജ്യത്തിന് നാണക്കേടാണ്’’പുരസ്കാരത്തോടൊപ്പം ഭാര്യക്ക് അമ്മ നല്‍കിയ ആഭരണങ്ങള്‍ മോഷണം പോയതും വലിയ വിഷമമുണ്ടാക്കിയതായി സത്യാര്‍ഥി പറഞ്ഞു. അമ്മ നല്‍കിയ ആഭരണങ്ങള്‍ സൂക്ഷിക്കാന്‍ മാത്രമായി ഒരു ലോക്കറുണ്ടാക്കിയിരുന്നു. എന്നാല്‍, മോഷ്ടാക്കള്‍ അതും തകര്‍ത്തു. സംഭവത്തെ നാണക്കേടെന്ന് വിശേഷിപ്പിച്ച സത്യാര്‍ഥി, വസ്തുക്കള്‍ മോഷ്ടിച്ചവരോട് അത് തിരിച്ചുനല്‍കണമെന്ന അഭ്യര്‍ഥനയും നടത്തി.
‘‘രാജ്യത്തിന്‍െറ അമൂല്യനിധിയോടുള്ള നിങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിയണം. വരാനിരിക്കുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് പ്രചോദനമാകേണ്ട ആ സര്‍ട്ടിഫിക്കറ്റ് തിരിച്ചുനല്‍കണം’’ -സത്യാര്‍ഥി വേദനയോടെ പറഞ്ഞു.എന്നാല്‍, പുരസ്കാരം മോഷണം പോയതിനാല്‍, തെരുവുകുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പോവുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
