നോവലിസ്‌റ്റ് മാത്യുമറ്റം അന്തരിച്ചു

02:00pm 29/5/2016

1464505083_1464505083_mathew-matom
കോട്ടയം: മലയാളത്തിലെ പ്രമുഖ നോവലിസ്‌റ്റുകളില്‍ ഒരാളും ഒട്ടേറെ ജനപ്രിയ കഥകളുടെ സൃഷ്‌ടാവുമായ മാത്യുമറ്റം (68) അന്തരിച്ചു. ഇന്ന്‌ പുലര്‍ച്ചെ 3.30 ന്‌ സ്വന്തം വീട്ടില്‍ വെച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നാണ്‌ അന്ത്യം സംഭവിച്ചത്‌. തിങ്കളാഴ്‌ച വൈകിട്ട്‌ മൂന്ന്‌ മണിയോടെ കോട്ടയം പാറമ്പുഴ ബത്‌ലഹേം പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും.
ഉദ്വേഗവും ഹരം പിടിപ്പിക്കുന്നതുമായ ആഴ്‌ചപ്പതിപ്പുകളില്‍ പ്രസിദ്ധീകരിച്ച കഥകളിലൂടെ എഴുത്തിന്റെയും വായനയുടേയും വേറിട്ടതലം സൃഷ്‌ടിച്ച എഴുത്തുകാരിലാണ്‌ മാത്യുമറ്റവും ഉള്‍പ്പെടുന്നത്‌. ജനപ്രിയ എഴുത്തുകാരില്‍ മുന്നില്‍ നില്‍ക്കുന്ന മാത്യൂമറ്റം 270 ലധികം നോവലുകള്‍ എഴുത്തിയിട്ടുണ്ട്‌. ലക്ഷംവീട്‌, കരിമ്പ്‌, മെയ്‌ദിനം, അഞ്ചു സുന്ദരികള്‍, ആലിപ്പഴം, ദൈവം ഉറങ്ങിയിട്ടില്ല, പോലീസുകാരന്റെ മകള്‍, മഴവില്ല്‌, റൊട്ടി, പ്രൊഫസറുടെ മകള്‍ തുടങ്ങി അനേകം നോവലുകള്‍ അദ്ദേഹം രചിച്ചു.
മംഗളം വാരിക ഉള്‍പ്പെടെ മലയാളത്തിലെ ഒട്ടേറെ ആനുകാലികങ്ങളില്‍ ശ്രദ്ധേയമായ അനേകം നോവലുകളും കഥകളും രചിച്ച അദ്ദേഹത്തിന്റെ രചനയ്‌ക്കായി 80 കളില്‍ കേരളത്തിലെ പ്രമുഖ രാഷ്‌ട്രീയ വാരികകള്‍ പോലും മത്സരിച്ചിരുന്നു. ആഴ്‌ചകള്‍ തോറും വായനക്കാരെ ആകാംഷാഭരിതരാക്കുന്ന നോവലുകളികളിലൂടെ കേരളത്തില്‍ അനേകം വായനക്കാരെ അദ്ദേഹം ഇളക്കി മറിച്ചു. ടെലിവിഷന്‍ പ്രചാരത്തില്‍ വരുന്നതിന്‌ മുമ്പ്‌ ആഴ്‌ചപ്പതിപ്പുകള്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ നോവലുകള്‍ ഏറെ ആരാധകരെ സൃഷ്‌ടിച്ചിരുന്നു. ഈ നോവലുകള്‍ പിന്നീട്‌ സിനിമയ്‌ക്കും സീരിയലുകള്‍ക്കും അവലംബിത കഥകളായി മാറുകയും ചെയ്‌തിരുന്നു. കരിമ്പ്‌, മെയ്‌ദിനം എന്നീ കൃതികള്‍ സിനിമകളായപ്പോള്‍ ആലിപ്പഴം പോലെയുള്ള നോവലുകള്‍ ടെലിവിഷന്‍ സീരിയലായും ജനപ്രിയമായി.
പ്രമുഖരചനകളിലൂടെ വായനക്കാരുടെ മനസ്സില്‍ ഇടം പിടിച്ച അദ്ദേഹത്തിന്റെ നോവലുകള്‍ക്കായി കേരളത്തിലെ വായനക്കാര്‍ ആകാംഷയോടെ കാത്തിരിക്കുന്ന അവസ്‌ഥ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മെയ്‌ദിനം എന്ന നോവലിന്‌ ഇത്തരമൊരു സ്വീകരണം കിട്ടിയിരുന്നു. കേരളത്തെ ഞെട്ടിച്ച ഒരു പീഡനസംഭവകഥയെ അവലംബിച്ച്‌ അദ്ദേഹം രചിച്ച അഞ്ചു സുന്ദരികള്‍ക്കും അതുപോലെ തന്നെ കേരളത്തിലെ ജനപ്രിയ നോവലുകളുടെ വായനക്കാര്‍ കാത്തിരിക്കുന്ന അവസ്‌ഥയുണ്ടായിരുന്നു.
മലയാളത്തിലെ ക്‌ളാസ്സിക്‌ വിഭാഗത്തില്‍ പെടുന്ന കഥകളില്‍ നിന്നും വിഭിന്നമായി വാണിജ്യകഥകള്‍ക്ക്‌ പ്രാമുഖ്യം നല്‍കുന്ന ഒരു സമാന്തര എഴുത്തുശൈലി രൂപപ്പെടുത്തിയ കഥാകാരന്മാരില്‍ പെടുന്ന മാത്യൂമറ്റം ഏറ്റവും വലിയ നോവല്‍ എന്ന അവകാശപ്പെട്ട്‌ പ്രസിദ്ധീകരിച്ച ലോകാവസാനം എന്ന നോവലായിരുന്നു അവസാനമായി ശ്രദ്ധ പിടിച്ചു പറ്റിയത്‌. ഒരു ഘട്ടത്തില്‍ ഇടുക്കിയില്‍ നിന്നും കോട്ടയത്തേക്ക്‌ കുടിയേറിയ ഈ എഴുത്തുകാരന്‌ വേണ്ടി ഗൗരവമായ വായനകള്‍ സമ്മാനിക്കുന്ന വാരികകള്‍ പോലും കാത്തിരിക്കുന്ന സ്‌ഥിതി ഉണ്ടായിരുന്നു.