11:18 am 27/1/2017
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാകുന്നതോടെ പണം പിന്‍വലിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് സാധാരണ ഗതിയിലിലാക്കുമെന്നാണ് വിവരം.
എസ്.ബിഐയുടെ സാമ്ബത്തിക ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി അവസാനമാകുമ്ബോഴേക്കും പിന്‍വലിച്ച പണത്തിന്റെ 88 ശതമാനവും വിപണിയിലെത്തും. ബാങ്ക് ഓഫ് മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മറ്റ് പൊതുമേഖലാ ബാങ്കുകളും ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നോട്ടുകളുടെ ലഭ്യത വര്‍ധിക്കുന്നതനുസരിച്ച് നിന്ത്രണങ്ങളില്‍ ആര്.ബി.ഐ ഇളവ് വരുത്തിയിരുന്നു.
എ.ടി.എം. വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി ദിവസം 2,500 രൂപ എന്നത് 4,500 ആയും പിന്നീട് 10,000 ആയും ഉയര്‍ത്തിയിരുന്നു. അതേസമയം ഒരാഴ്ച അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാനുള്ള തുകയുടെ പരിധി 24,000 ആയി നിലനിര്‍ത്തിയിട്ടുണ്ട്.
നോട്ട് അസാധുവാക്കലിന് ശേഷമുള്ള പ്രതിസന്ധി എന്നത്തേക്ക് പരിഹരിക്കാമെന്നതിന് ആര്.ബി.ഐ. വ്യക്തമായ സമയ പരിധി നല്‍കിയിട്ടില്ല. ആര്.ബി.ഐ യുടെ കണക്ക് പ്രകാരം ഇതുവരെ 9.2 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിതരണം ചെയ്തിട്ടുള്ളത്.