ന്യൂയോര്‍ക്കില്‍ സിഖ് വംശജനു നേരേ വീണ്ടും വംശീയാക്രമണം?

07:37 pm 19/4/2017

– പി. പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് വംശജനും, കാര്‍ഡ്രൈവറുമായ ഹര്‍കിത്ത് സിങ്ങിന് (25) നേരെ മദ്യപിച്ച് ലക്ക് കെട്ട് നാല് യാത്രക്കാര്‍ വംശീയ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.ഏപ്രില്‍ 16 നായിരുന്നു സംഭവം.

‘ടര്‍ബന്‍ ഡെ’ യോടനുബന്ധിച്ച് ടൈം സ്ക്വയറില്‍ നടന്ന ആഘോഷങ്ങള്‍ക്ക് ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് സിങ്ങിന് നേരെ ആക്രമണമുണ്ടായത്. പോലീസ് ഹെയ്റ്റ് ക്രൈമിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്്.സൗത്ത് മാഡിസണ്‍ ഗാര്‍ഡനില്‍ നിന്നും ഒരു സ്ത്രീ ഉള്‍പ്പെടെ ഇരുപത് വയസ്സിനോടടുത്ത് പ്രായമുള്ള നാല് പേര്‍ കാറില്‍ കയറി.

ബ്രോണ്‍സിലേക്ക് പോകണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.യാത്രക്കിടയില്‍ സിങ്ങ് തെറ്റായ ദിശയിലാണ് വാഹനം ഓടിക്കുന്നതെന്് പറഞ്ഞു തട്ടിക്കയറി. പല വഴിയിലേക്കും വാഹനം ഒഴിക്കാന്‍ ആവശ്യപ്പെട്ട ഇവര്‍ ‘അലിസാബ് ‘ എന്ന് വിളിക്കുകയും, കാറിനകത്ത് നാശനഷ്ടങ്ങള്‍ വരുത്തുന്നതിനും തുനിഞ്ഞതായി സിങ്ങ് പറഞ്ഞു. ഇതുവരെ ഓടിയ ചാര്‍ജ്ജ് നല്‍കണമെന്നും, മറ്റൊരു കാറ് വിളിച്ച് പോകണമെന്നും ഡ്രൈവര്‍ ആവശ്യപ്പെട്ടതോടെ ഇവര്‍ ആക്രമാസക്തരായി.

ടര്‍ബന്‍ വലിച്ച് മാറ്റുകയും, ശരീരത്തില്‍ ശക്തമായി മര്‍ദ്ധനം നടത്തുകയും ചെയ്ത ഇവര്‍ കാറിന്റെ മീറ്റര്‍ തല്ലി തകര്‍ത്തു. ഇതിനിടെ 911 വിളിച്ച് പോലീസ് എത്തിച്ചേര്‍ന്നതോടെ കാറില്‍ നിന്നും ഇറങ്ങി നാല് പേരും ഓടി രക്ഷപ്പെട്ടു.പോലീസ് എത്തിയില്ലായിരുന്നെങ്കില്‍ അവര്‍ എന്നെ കൊല്ലുമായിരുന്നു. കരഞ്ഞുകൊണ്ട് സിങ്ങ് പറഞ്ഞു. സംഭവത്തില്‍ സിങ്ങ് കള്‍ച്ചറല്‍ സൊസൈറ്റി ഹര്‍പ്രീത് സിങ്ങ് ഉത്കണ്ഠ രേഖപ്പെടുത്തി. സിക്ക്- മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ ആക്രമണം അമര്‍ച്ച ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.