പണവുമായി നടന്നുപോയ മധ്യവയസ്‌കനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി

12;34pm 18/7/2016
gold-jewellery

കൊളത്തൂര്‍ (മലപ്പുറം): പണവുമായി നടന്നുപോയ മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയ വാഹനം നാട്ടുകാര്‍ തടഞ്ഞ് വാഹനത്തിലുള്ളവരെ മര്‍ദിച്ചു. പൊലീസത്തെി വാഹനവും പ്രതികളെയും കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
അഞ്ച് ലക്ഷം രൂപയുമായി ബസില്‍ വളപുരത്ത് ഇറങ്ങിയ കൊടുവള്ളി സ്വദേശി അബ്ദുറഹ്മാന്‍ കുട്ടിയെ (52) ഇന്നോവ കാറില്‍ എത്തിയ സംഘം ബലമായി പിടിച്ച് വണ്ടിയില്‍ കയറ്റുകയായിരുന്നു. ഇയാളുടെ കരച്ചില്‍ കേട്ട സമീപവാസികള്‍ വാഹനത്തില്‍നിന്ന് സ്ത്രീയുടെ കരച്ചില്‍ കേട്ടതായി നാട്ടുകാരെ അറിയിച്ചു. ഞൊടിയിടയില്‍ സ്ത്രീയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോവുന്നതായി വാര്‍ത്ത പരന്നു.
മൊബൈല്‍ ഫോണില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബൈക്കുകളില്‍ നാട്ടുകാര്‍ വാഹനത്തെ പിന്തുടര്‍ന്നു. എന്നാല്‍, അമിതവേഗതയില്‍ കുതിച്ച വാഹനം ബൈക്കുകളെ തട്ടിത്തെറിപ്പിച്ചു. മൂര്‍ക്കനാട്, വെങ്ങാട് ഭാഗങ്ങളിലുള്ളവര്‍ വിവരമറിഞ്ഞ് റോഡില്‍ വലിയ വാഹനങ്ങള്‍ കുറുകെയിട്ടു. വെങ്ങാട് നിന്നാണ് വാഹനം തടഞ്ഞത്. വാഹനം അടിച്ചുതകര്‍ത്ത നാട്ടുകാര്‍ തട്ടിക്കൊണ്ടുവന്ന സ്ത്രീയെ എന്ത് ചെയ്‌തെന്ന് ചോദിച്ച് എല്ലാവരെയും മര്‍ദിച്ചു.
തന്നെയാണ് തട്ടിക്കൊണ്ടുവന്നതെന്ന് അബ്ദുറഹ്മാന്‍കുട്ടി പറഞ്ഞെങ്കിലും ഇയാള്‍ക്കും മര്‍ദനമേറ്റു. വിവരമറിഞ്ഞ് പെരിന്തല്‍മണ്ണ സി.ഐ എ.എം. സിദ്ദീഖ്, കൊളത്തൂര്‍ എസ്.ഐ വിഷ്ണു, പെരിന്തല്‍മണ്ണ എസ്.ഐ ജോബി എന്നിവര്‍ സ്ഥലത്തത്തെി. പ്രതികളായ കണ്ണൂര്‍ കൂത്തുപറമ്പ് പഴയതിരുത്ത് പടാംപൊയില്‍ സക്കീര്‍ (27), മട്ടന്നൂര്‍ കളറോഡ് സുബ്ഹി വീട്ടില്‍ ഷാനിഫ് (25), കൂത്തുപറമ്പ് നിര്‍മലഗിരി ഹിറാ മന്‍സിലില്‍ റഹീസ് (26), കൂത്തുപറമ്പ് ശങ്കരനെല്ലൂര്‍ ഫിറോസ് മന്‍സിലില്‍ റനീസ് (32) എന്നിവരെ കസ്റ്റഡിയിലെടുത്തു.
ഇവരെയും പരിക്കേറ്റ അബ്ദുറഹ്മാന്‍ കുട്ടിയെയും മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ, തന്റെ കൈയില്‍ 5,10,000 രൂപയുണ്ടായിരുന്നതായി അബ്ദുറഹ്മാന്‍ കുട്ടി പറഞ്ഞു. എന്നാല്‍ 3,60,000 രൂപയാണ് വാഹനത്തില്‍നിന്ന് ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
തട്ടിക്കൊണ്ടുപോകലിനും കവര്‍ച്ചാശ്രമത്തിനും പ്രതികള്‍ക്കെതിരെ കേസെടുത്തു. ആശുപത്രി വിടുന്ന മുറക്ക് അറസ്റ്റ് രേഖപ്പെടുത്തും. പിടികൂടിയത് ഹവാല പണമാണോയെന്ന് പരിശോധിക്കുമെന്നും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്നും സി.ഐ പറഞ്ഞു.