08:40 am 16/3/2017
മുംബൈ: സഞ്ജയ് ലീലാ ബൻസാലിയുടെ ബോളിവുഡ് ചിത്രം ‘പദ്മാവതി’യുടെ ചിത്രീകരണ സെറ്റിൽ വീണ്ടും ആക്രമണം. സെറ്റിൽ തീയിട്ട സംഘം ആളുകൾ വാഹനങ്ങൾ തകർക്കുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. അക്രമത്തെത്തുടർന്ന് അണിയറപ്രവർത്തകർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയതായി മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി ദീപക് കേസർകർ അറിയിച്ചു.
14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പദ്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. വടക്കൻ മഹാരാഷ്ട്രയിലെ കോലാപുർ ജില്ലയിലെ മസായി പതാറിലായിരുന്നു ഷൂട്ടിങ്. 20ഒാളം ആളുകൾ സെറ്റിലേക്ക് അതിക്രമിച്ചുകയറി സിനിമക്കായുള്ള വസ്ത്രങ്ങളും മൃഗങ്ങൾക്കായി െവച്ചിരുന്ന ഭക്ഷണവും സൂക്ഷിച്ച രണ്ട് പന്തലുകൾക്ക് തീയിടുകയായിരുന്നു.
ആക്രമികളിൽ രണ്ടാളെ സിനിമാപ്രവർത്തകർ പിടികൂടിയെങ്കിലും കൂടെയുണ്ടായിരുന്നവർ മോചിപ്പിച്ചു. പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കിട്ടിയാലുടൻ സംസ്ഥാന ആഭ്യന്തരമന്ത്രാലയം അന്വേഷിക്കുമെന്നും ദീപക് കേസർകർ പറഞ്ഞു.