പന്ത്രണ്ട് വയസുകാരിയെ പ്രിന്‍സിപ്പലും മൂന്ന് അധ്യാപകരും കൂട്ടബലാത്സംഗം ചെയ്തു

08:29 am 18/1/2017

images
ബീഹാര്‍: പ്രായപൂര്‍ത്തിയാകാത്ത അഞ്ഞൂറിലധികം കുട്ടികളെ പീഡിപ്പിച്ചയാളെ പിടികൂടിയതിനു തൊട്ടുപിന്നാലെ ഉത്തരേന്ത്യയില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന പീഡനവാര്‍ത്തകൂടി. ബിഹാറില്‍ പന്ത്രണ്ടു വയസ്സുകാരിയായെ സ്‌കൂളില്‍വച്ച് കൂട്ടബലാത്സംഗം ചെയ്തതായാണ് പരാതി. പ്രിന്‍സിപ്പലും മൂന്ന് അധ്യാപകരും ചേര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാണ് അമ്മ നല്‍കിയ പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പൊതു അവധിയായ ഞായറാഴ്ച്ച മേലധികാരികളുടെ അനുവാദമില്ലാതെ പ്രിന്‍സിപ്പല്‍ പ്രവര്‍ത്തി ദിവസമായി പ്രഖ്യാപിച്ചിരുന്നു. പകരം വെള്ളിയാഴ്ച്ച അവധി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സ്‌കുളിലെത്തിയ കുട്ടിയെ പ്രിന്‍സിപ്പാളും മൂന്നു അധ്യാപകരും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് സംഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.
കുട്ടിയെ ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളില്‍ കൊണ്ടുപോയാണ് ഇവര്‍ കൂട്ട ബലാത്സംഗം ചെയ്തത്. ജഹനാബാദിലെ കാകോ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ അജു അഹമ്മദ്, അധ്യാപകരായ അതുല്‍ റഹ്മാന്‍, അബ്ദുള്‍ ബാരി, ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതേ സ്‌കുളില്‍ അധ്യാപികയായ അമ്മ കുട്ടിയെ കാണാത്തതിനാല്‍ നടത്തിയ തിരിച്ചിലില്‍ ആളൊഴിഞ്ഞ കെട്ടിടത്തിനു മുകളില്‍ അവശയായി കിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
നടന്ന സംഭവങ്ങള്‍ കുട്ടി അമ്മയോടു തുറന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അമ്മ പൊലീസില്‍ പരാതി നല്‍കി. കുറ്റാരോപിതരായ പ്രിന്‍സിപ്പലും മൂന്നു അധ്യാപകരും ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സബ് ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ പികെ ശ്രീവാസ്തവ അറിയിച്ചു.