പരവൂര്‍ ദുരന്തം: വന്‍ സ്‌ഫോടനത്തിന് മുമ്പ് നാല് അപകടങ്ങളുണ്ടായി

02:00pm 20/4/2016
1461129243_1461129243_lovely

കൊല്ലം: കേരളത്തെ ഞെട്ടിച്ച് പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ വന്‍ സ്‌ഫോടനം നടക്കുന്നതിന് മുമ്പായി നാലു തവണ ചെറിയ ചെറിയ അപകടങ്ങള്‍ നടന്നിരുന്നതായി വെളിപ്പെടുത്തല്‍. ലൗലി ഏഷ്യാനെറ്റ് ന്യുസിനോടാണ് ഇക്കാര്യം പറഞ്ഞത്. വെടിക്കെട്ട് അവസാനിപ്പിക്കാന്‍ പോലീസ് ഒരു തവണ മാത്രമേ നിര്‍ദ്ദേശിച്ചുള്ളൂ എന്നും ഇദ്ദേഹം പറഞ്ഞു.
വെടിക്കെട്ട് അവസാനിപ്പിക്കാന്‍ ഏഴു തവണ നിര്‍ദേശം കൊടുത്തിരുന്നതായി പോലീസ് നേരത്തെ നടത്തിയ വെളിപ്പെടുത്തല്‍ ഇതോടെ വ്യാജമാണെന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്. പറവൂര്‍ എസ്‌ഐയുടെ ഫോണില്‍ നിന്നും സിഐ ഇക്കാര്യം മൈക്ക് അനൗണ്‍സറായ തന്നെ വിളിച്ചു പറയുകയായിരുന്നെന്നും അക്കാര്യം അപ്പോള്‍ തന്നെ വെടിക്കെട്ട് ആശാന്മാരോട് പറയുകയും ചെയ്തതായി ലൗലി പറഞ്ഞു. അപകടം നേരിട്ടു കണ്ട് ദൃക്‌സാക്ഷികളില്‍ ഒരാളാണ് വര്‍ഷങ്ങളായി പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ അനൗണ്‍സറായ ലൗലി.
വെടിക്കെട്ട് നടന്ന മൂന്നിനും 3.30 യ്ക്കും ഇടയില്‍ നാലു തവണ വെടിക്കെട്ടിനിടെ അപകടമുണ്ടായി. അവസാന നിമിഷം ബാക്കിവന്ന അമിട്ടുകള്‍ പെട്ടെന്ന് പൊട്ടിച്ചു തീര്‍ക്കാന്‍ വാരിക്കൂട്ടി കത്തിക്കാന്‍ വെടിക്കെട്ടുകാര്‍ക്ക് നിര്‍ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഇവ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയില്‍ ചീളുകള്‍ ചിലരുടെ ശരീരത്ത് പതിക്കുകയും ആള്‍ക്കാര്‍ കിടക്കുകയും ചെയ്തു. അപകടങ്ങളില്‍ പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പോലീസ് വെടിക്കെട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ആ സെക്കന്റില്‍ തന്നെ വിവരം വെടിക്കെട്ട് ആശാന്മാരോട് താന്‍ തന്നെ ചെന്ന് പറയുകയും ചെയ്തു. അപ്പോഴും മൂന്ന് അമിട്ടുകള്‍ ബാക്കിയായിരുന്നു. വെടിക്കെട്ട് നിര്‍ത്താന്‍ താന്‍ ആവശ്യപ്പെടുമ്പോഴും അവിടെയുണ്ടായിരുന്ന പോലീസ് ഇടപെട്ടില്ല. പോലീസ് നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തരസെക്രട്ടറിയുടെ പരിഗണനയില്‍ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് ലൗലിയുടെ വെളിപ്പെടുത്തല്‍ പുറത്തു വിട്ടിരിക്കുന്നത്. കരിമരുന്ന് പ്രയോഗം നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട് ഏഴ് തവണ നിര്‍ദേശം നല്‍കിയെന്നാണ് നേരത്തേ പോലീസ് പറഞ്ഞത്.