12:40pm 14/3/2017
പനാജി: ഗോവയിൽ മനോഹർ പരീക്കറിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുന്നത് തടയാൻ കോണ്‍ഗ്രസ് തിരക്കിട്ട രാഷ്ട്രീയ കൂടിയാലോചനകൾ നടത്തുന്നു. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടി തെറ്റാണെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. ഇക്കാര്യത്തിലുള്ള പ്രതിഷേധം അറിയിക്കാൻ കോണ്‍ഗ്രസ് അംഗങ്ങൾ ഗവർണർ മൃതുല സിൻഹയെ ഇന്ന് രാജ്ഭവനിൽ എത്തി കാണും.
പരീക്കറുടെ സത്യപ്രതിജ്ഞ വൈകിട്ട് നടക്കാനിരിക്കേ കോണ്‍ഗ്രസ് എംഎൽഎമാർ ഗോവയുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ദിഗ് വിജയ് സിംഗുമായി കൂടിക്കാഴ്ച നടത്തി. ഭാവി നടപടികളെക്കുറിച്ച് ആലോചിക്കാനായിരുന്നു യോഗം. മനോഹർ പരീക്കർ സർക്കാരിന്റെ സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ ഹർജിയും ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. കോടതി വിധിക്കായി കോണ്‍ഗ്രസ് നേതൃത്വം കാത്തിരിക്കുകയാണ്.
ഇന്ന് വൈകിട്ടാണ് പരീക്കറുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാൽ 13 എംഎൽഎമാരുള്ള ബിജെപിയെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു. ചെറുകക്ഷികളുടെ പിന്തുണ ഉറപ്പിച്ച ശേഷമാണ് ബിജെപി സർക്കാരുണ്ടാക്കാൻ മുൻകൈയെടുത്തത്. മൂന്ന് എംഎൽഎമാരുള്ള ഗോവ ഫോർവേഡ് പാർട്ടിയും ഇവരുടെ അനുഭാവിയായ കക്ഷിരഹിതൻ രോഹൻ ഖാന്തെയും മൂന്ന് സ്വതന്ത്രരും ബിജെപിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇവർക്കെല്ലാം മന്ത്രിസ്ഥാനം നൽകിയാണ് ബിജെപി സർക്കാരുണ്ടാക്കുന്നത്.