11:49 am 13/3/2017

പനാജി: ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞ വൈകരുതെന്ന് കേന്ദ്രസർക്കാർ നിലപാട് എടുത്തതിനെ തുടർന്നാണ് നടപടി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. ബിജെപിക്ക് പിന്തുണ നൽകുന്ന രണ്ടു സ്വതന്ത്ര എംഎൽഎമാരും മന്ത്രി സ്ഥാനത്ത് എത്തുമെന്നാണ് സൂചന. നിലവിൽ കേന്ദ്രപ്രതിരോധമന്ത്രിയായ പരീക്കർ കേന്ദ്രമന്ത്രിസ്ഥാനം എപ്പോൾ രാജിവയ്ക്കുമെന്ന് വ്യക്തമല്ല.
ഗോവയിൽ മനോഹർ പരീക്കർ മുഖ്യമന്ത്രിയായാൽ പിന്തുണയ്ക്കാമെന്നു മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി അറിയിച്ചതോടെയാണു ബിജെപിയുടെ സർക്കാർ രൂപവത്കരണ നീക്കം എളുപ്പമായത്. ഗോവ ഫോർവേഡ് പാർട്ടിയുടെ മൂന്നംഗങ്ങളും രണ്ടു സ്വതന്ത്രരും എൻസിപി അംഗവും പിന്തുണ പ്രഖ്യാപിച്ചതോടെ പരീക്കറിന് 22 പേരുടെ പിന്തുണയാകുകയായിരുന്നു.
ഇതേത്തുടർന്നു ഗോവ ഗവർണർ മൃദുല സിൻഹയെ ഞായറാഴ്ച കണ്ട ബിജെപി സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുകയായിരുന്നു. 40 അംഗ ഗോവ നിയമസഭയിൽ 22 പേരുടെ പിന്തുണയുണ്ടെന്നു ബിജെപി ഗവർണറെ അറിയിച്ചു. ബിജെപിക്ക് 13ഉം കോൺഗ്രസിന് 17ഉം അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 21 പേരുടെ പിന്തുണയാണ്.
