പള്‍സര്‍ സുനിക്കുവേണ്ടി ഹാജരാവുമെന്ന് അഡ്വ.ആളൂര്‍

02:40 am 25/2/2017

Adv_BA_Aloor_760x400

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിലെന്ന സുനില്‍കുമാറിനായി നാളെ ആലുവ കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ ബിജു ആന്റണി ആളൂരെന്ന ബി എ ആളൂര്‍ വ്യക്തമാക്കി. കേസില്‍ ഹാജരാകണമെന്ന് സുനില്‍കുമാറുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വരുന്നതെന്നും ആളൂര്‍ പറഞ്ഞു. സമാനമായ നിരവധി കേസുകളില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് അഡ്വ.ആളൂര്‍.
നേരത്തെ സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദസ്വാമിക്ക് വേണ്ടിയും കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനുവേണ്ടിയും ആളൂര്‍ ഹാജരായിരുന്നു. ഇന്‍ഫോസിസ് ജീവനക്കാരിയും കോഴിക്കോട് സ്വദേശിനയുമായ രസീല രാജു കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സെക്യൂരിറ്റി ജീവനക്കാരനുവേണ്ടി ഹാജരായും ആളൂരായിരുന്നു.
ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനുവേണ്ടിയും ഛോട്ടാ രാജന്‍ കേസിലും ഹാജരാവാന്‍ ആളൂര്‍ തയാറായിരുന്നെങ്കിലും അത് നടന്നില്ല.