ബസ്തർ: പശുവിനെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ്. പതിനഞ്ച് വർഷമായി സംസ്ഥാനത്ത് ഗോവധം നടന്നിട്ടില്ലെന്നും ഇനി സംഭവിക്കില്ലെന്നും പറഞ്ഞതിന്‍റെ തുടർച്ചയായി ആയിരുന്നു മുഖ്യമന്ത്രിയുടെ തൂക്കിലേറ്റൽ പരാമർശം.
കഴിഞ്ഞ പതിനഞ്ച് വർഷമായി സംസ്ഥാനത്ത് പശുവിനെ കശാപ്പുചെയ്യുന്നതായി നിങ്ങൾക്കറിയുമോ?. അത്തരത്തിലൊന്ന് ഇവിടെ സംഭവിച്ചിട്ടില്ല, ഇനി നടന്നാൽ അവരെ തൂക്കിലേറ്റും. പശു സംരക്ഷണത്തിനായി ശക്തമായ നിയമം നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനം ഛത്തീസ്ഗഡാണ്- ഗോവധം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടട് രമണ്‍ സിംഗ് പ്രതികരിച്ചു. പശു, കാള, പോത്ത്, പശുക്കിടാവ് എന്നിവയെ കൊല്ലുന്നതോ അവയുടെ മാസം കൈവശം സൂക്ഷിക്കുന്നതോ നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് ചത്തിസ്ഗഡ്. നിയമം ലംഘിക്കുന്നവർക്ക് ഏഴുവർഷം വരെ തടവും 50,000 രൂപയ്ക്കു മുകളിൽ പിഴയും ലഭിക്കും.
ഗോവധം ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാക്കി ഗുജറാത്ത് സർക്കാർ കഴിഞ്ഞദിവസം നിയമം പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രമണ്‍ സിംഗിന്‍റെ പ്രസ്താവന.