07:37 am 15/5/2017
ന്യൂഡൽഹി: പാകിസ്താൻ വധിച്ച ബി.എസ്.എഫ് ജവാന്റെ കുടുംബത്തെ സന്ദർശിക്കാനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജവാന്റെ വീട്ടിൽ വി. ഐ.പി സൗകര്യങ്ങൾ ഒരുക്കിയത് വിവാദമാകുന്നു. പാകിസ്താൻ സൈന്യം കൊലപ്പെടുത്തിയശേഷം മൃതദേഹം വികൃതമാക്കിയ പ്രേംസാഗറിന്റെ ഡിയോറിയയിലെ വീട്ടിലെ സന്ദർശനമാണ് വിവാദമായത്.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ജവാെൻറ വീട്ടിൽ എ.സി, സോഫ, കർട്ടൻ, കസേര, കാർപെറ്റ് തുടങ്ങിയവ എത്തിക്കുകയും മുഖ്യമന്ത്രി തിരിച്ചുപോയതിന് പിന്നാലെ ഇവ തിരികെ കൊണ്ടുപോവുകയും ചെയ്തു. പ്രേംസാഗറിന്റെ സഹോദരൻ ദയാശങ്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങളെ അപമാനിക്കുന്ന നടപടികളാണ് സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പ് വീട്ടിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്തതായും ആരോപണമുണ്ട്. 25 മിനിറ്റ് ഇവിടെ ചെലവഴിച്ച ആദിത്യനാഥ് നാലു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. യു.പിയിലെ ഏറ്റവും പിന്നാക്ക ജില്ലകളിലൊന്നാണ് ജവാെൻറ വീടിരിക്കുന്ന ഡിയോറിയ.

