11.59 PM 03/12/2016
അമൃത്സർ: പാക്കിസ്ഥാൻ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് ഇന്ത്യയിൽ എത്തി. അമൃത്സറിൽ നടക്കുന്ന എച്ച്ഒഎ (ഹാർട്ട് ഓഫ് ഏഷ്യ) സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് അദ്ദേഹം അമൃത്സറിൽ വിമാനം ഇറങ്ങിയത്. സർതാജ് അസീസ് ഞായറാഴ്ച രാവിലെ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ രാവിലെ കാലാവസ്ഥ അനുകൂലമാകില്ലെന്ന് കണ്ടാണ് ഇന്ന് വൈകി അദ്ദേഹം എത്തിയതെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് പാക് ഉപദേഷ്ടാവ് നേരത്തെ എത്തിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ ഉദ്യോഗസ്ഥർ ഇത് തള്ളിക്കളഞ്ഞു.
നേരത്തെ ഹാർട്ട് ഓഫ് ഏഷ്യ സമ്മേളനത്തിൽ ഇന്ത്യ–പാക് ഉഭയകക്ഷിചർച്ച നടക്കുമെന്നു പാക് മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ഇന്നലെ ഇത് തള്ളിക്കളയുകയാണ് ചെയ്തത്. നഗ്രോത സൈനികകേന്ദ്രത്തിനു നേരേയും ആക്രമണം നടന്നതോടെ ഉഭയകക്ഷി പ്രശ്നങ്ങളിൽ പാക്കിസ്ഥാനുമായി ചർച്ച നടത്താനുള്ള അന്തരീക്ഷം അടഞ്ഞതായി അദ്ദേഹം പറഞ്ഞു. ഭീകരത തുടരുന്ന അന്തരീക്ഷത്തിൽ സാധാരണനിലയിലുള്ള ഉഭയകക്ഷിബന്ധം സാധ്യമാകില്ലെന്നും വികാസ് സ്വരൂപ് വ്യക്തമാക്കി.