പാരീസിലെ ചാന്പ്സ് എലീസിലുള്ള കൊല്ലപ്പെട്ട ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

07:37 am 21/4/2017

പാരീസ്: സെൻട്രൽ പാരീസിലെ ചാന്പ്സ് എലീസിലുള്ള വ്യാപാര മേഖലയിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ട ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് പറഞ്ഞു. അക്രമിയെ സുരക്ഷാ സേന വധിച്ചു. അക്രമി നടത്തിയ വെടിവയ്പിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഭീകരാക്രമണമാണ് നടന്നതെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാദ് പറഞ്ഞു. സംഭവത്തെ കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിസഭാ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. അക്രമിയെ തിരിച്ചറിഞ്ഞു. എന്നാൽ ഇക്കാര്യം വെളിപ്പെടുത്താനാകില്ലെന്ന് പാരീസ് പ്രോസിക്യൂട്ടർ ഫ്രാൻസ്വ മോലിൻസ് പറഞ്ഞു. എന്നാൽ അക്രമി അബു യുസഫ് അൽ ബൽജികി ആണെന്ന് അമഖ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

മുൻകരുതൽ നടപടിയുടെ ഭാഗമായി ജനങ്ങളോട് പ്രദേശം ഒഴിയാൻ പാരീസ് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. വെടിവയ്പിന്‍റെ പശ്ചാത്തലത്തിൽ പോലീസ് ഹെലികോപ്റ്റർ നിരീക്ഷണം ശക്തമാക്കി.