01:55 pm 19/2/2017
– ബിനോയി കിഴക്കനടി (പി.ആര്‍.ഒ.)

ഷിക്കാഗൊ: ലളിത ജീവിതത്തിലൂടെയും കഠിനപ്രയക്‌നത്തിലൂടെയും സമ്പാദിച്ച പണത്തെ അബ്രഹാം മുത്തോലത്തച്ചന്‍ ഉന്നതമായ മനുഷ്യ സ്‌നേഹത്തെ പ്രതി ചെലവഴിക്കുന്നത് അനുകരിക്കേണ്ട ഉദാത്ത മാത്യുകയാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. പങ്കുവയ്ക്കലിന്റേയും സ്‌നേഹത്തിന്റേയും ആഴപ്പെട്ട, സമാനകളില്ലാത്ത ത്യാഗമാണ് അച്ചന്റെ പ്രവര്‍ത്തനം. അന്ധബധിര്‍ക്കും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പരിശീലനവും പുനരധിവാസവും നല്‍കുന്നതിനും അതിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനും മുത്തോലത്തച്ചന്‍ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് നിര്‍മ്മിച്ച് നല്‍കിയ ഓഡിറ്റോറിയത്തിന്റ വെഞ്ചിരിപ്പിനെ തുടര്‍ന്ന് കോട്ടയം ചേര്‍പ്പുങ്കലില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച് മുത്തോലത്തച്ചന്‍ നിര്‍മ്മിച്ച അഗാപ്പെ സെന്‍ററും സമിരിറ്റന്‍ സെന്‍ററും ഓഡിറ്റോറിയവും സ്ഥിതിചെയുന്ന കാമ്പസിന് മുത്തോലത്ത് നഗര്‍ എന്ന് പേരിടാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. കോട്ടയം രൂപത നടപ്പാക്കുന്ന ഇത്തരം നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളെ ആലഞ്ചേരി പിതാവ് പ്രശംസിച്ചു.
കോട്ടയം അതിരൂപതാ മെത്രാപോലീത്തയും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് സമ്മേളനത്തില്‍ ആധ്യക്ഷം വഹിച്ചു. മുത്തോലത്തച്ചന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം അതിരൂപതയുടെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. മൂല്യങ്ങളിലും ദൈവസ്‌നേഹത്തിലും ആഴപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം രൂപത എന്നും മുന്‍പന്തിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസവും 20 മണിക്കൂറിലേറെ ജോലിചെയ്യുന്ന മുത്തോലത്തച്ചന്റെ ഹ്രദയത്തില്‍ നിന്നും വരുന്ന ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങളേയും അച്ചനെയും ദൈവം കൂടുതല്‍ അനുഗ്രഹിക്കട്ടെ എന്ന് മിയാവ് രൂപത ബിഷപ്പ് മാര്‍. ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ പറഞ്ഞു. ഭിന്നശേഷിയുള്ള 300 ല്‍ അ ധികം പേര്‍ക്ക് ഇവിടെ സേവനങ്ങള്‍ നല്‍കുന്നു.
അനുഗ്രഹപ്രദമായ ഈ സമ്മേളനത്തില്‍, മോന്‍സ് ജോസഫ് എം.എല്‍.എ, കോട്ടയം രൂപതാ വികാരി ജെനറാളും കെ.എസ്.എസ്.എസ് പ്രസിഡന്റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. എബ്രഹാം മുത്തോലത്ത്, കിടങ്ങുര്‍ സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. മൈക്കിള്‍ എന്‍.ഐ , കിടങ്ങുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി എബ്രഹാം, കെ.എസ്.എസ്.എസ് സെക്രെട്ടറി ഫാ. ബിന്‍സ് ചേത്തലില്‍, സമരിറ്റന്‍ സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. സമരിറ്റന്‍ സെന്ററിലെ അംഗങ്ങള്‍ തങ്ങളുടെ കഴിവുകള്‍ക്കുപരിയായി അവതരിപ്പിച്ച നിരവധി അഭ്യുദയകാംശികള്‍ എന്നിവരുടെ നിറസന്നിധ്യംകൊണ്ട് അനുഗ്രഹപൂരിതമായി.
