പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് തിരുന്നാളിന് കൊടിയിറങ്ങി , നവനീത സൂനമായി ഗാനസന്ധ്യ

07:13 pm 3/5/2017

– ഫ്രാന്‍സിസ് തടത്തില്‍


ന്യൂജഴ്‌സി : ഗന്ധര്‍വ സംഗീതം ഭൂമിയിലേക്ക് ഒഴുകിയെത്തിയ നിമിഷം ….ഏഴു കടലിന്നക്കരെ ജന്മരാജ്യത്തെയും ജന്മഭൂമിയെയും അനുസ്മരിച്ചു കൊണ്ട് അരങ്ങേറിയ ഗാനസന്ധ്യ ന്യൂ ജഴ്‌സിയിലെ മലയാളികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ജന്മനാടിന്റെ അനുഭൂതി പകര്‍ന്നു നല്‍കി . ന്യൂ ജഴ്‌സിയിലെ പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ തിരുന്നാളിനോടനുബന്ധിച്ചു നടന്ന ഗാനമേളയാണ് ആസ്വാദകരെ ഗൃഹാതുരത്വസ്മരണകളുണര്‍ത്തി സ്വഭവനങ്ങളിലെത്തിച്ചത് . മൂന്നു ദിവസം നീണ്ടു നിന്ന തിരുന്നാള്‍ യഥാര്‍ഥത്തില്‍ നാട്ടിലേതെങ്കിലുമൊരു ഇടവക പള്ളിയിലെ തിരുന്നാളിനോട് എന്തു കൊണ്ടും ഉപമിക്കാവുന്ന വിധമാണ് അരങ്ങേറിയത് .

ആദ്യ ദിനം കൊടിയേറ്റ് , ലദീഞ്ഞ്, കുര്‍ബാന . രണ്ടാം ദിനം ആഘോഷമായ പാട്ടു കുര്‍ബാന , ലദീഞ്ഞ് , പ്രസംഗം . തുടര്‍ന്ന് ഗാനമേള . മൂന്നാം ദിനം വീണ്ടും ആഘോഷമായ പാട്ടു കുര്‍ബാന , ലദീഞ്ഞ് , വിശുദ്ധരുടെ രൂപം എഴുന്നള്ളിച്ചു കൊണ്ട് നഗരം ചുറ്റി പ്രദക്ഷിണം . കേരളത്തിലെ ഇടവക പള്ളി തിരുന്നാളുകളില്‍ പ്രസുദേന്തിമാര്‍ ധരിക്കുന്ന പോലെ കുപ്പായങ്ങളണിഞ്ഞു കൊണ്ട് പ്രസുദേന്തിമാര്‍ , വെള്ളയും കറുപ്പും വസ്ത്രമണിഞ്ഞ് വാളണ്ടിയര്‍മാര്‍ രൂപങ്ങളെ വഹിച്ചപ്പോള്‍ പിന്നീട് ഇടവകയിലെ തന്നെ ബാന്‍ഡ് സഖ്യം യൂനിഫോം അണിഞ്ഞു നിര ചേര്‍ന്നു . അവര്‍ക്കു പിന്നിലായി ചെണ്ട വാദ്യം . തിരുശേഷിപ്പ് വഹിച്ചു കൊണ്ട് അലങ്കരിച്ച പന്തലില്‍ വൈദികര്‍ , അവര്‍ക്കു പിന്നിലായി ഇടവകാംഗങ്ങള്‍ രണ്ടു നിരയായി വിശുദ്ധരുടെ ലുത്തിനിയ ആലപിച്ചു കൊണ്ട് നഗരം ചുറ്റിയപ്പോള്‍ പ്രദക്ഷിണത്തിനു മുന്‍ നിരയിലും പിന്‍ നിരയിലുമായി പാറ്റേഴ്‌സണ്‍ പോലീസ് സുരക്ഷയൊരുക്കി ബീക്കണ്‍ ലൈറ്റുമിട്ട് പ്രദക്ഷിണത്തെ ഭക്തി സാന്ദ്രമായി മാറ്റി .

പാറ്റേഴ്‌സണ്‍ നിവാസികള്‍ക്ക് അപൂര്‍വമായി ലഭിച്ച ദൃശ്യ വിസ്മയമായിരുന്നു പ്രദക്ഷിണ വഴികളിലൊരുക്കിയിരുന്നത് . പള്ളിയും പരിസരങ്ങളും തോരണങ്ങള്‍ കൊണ്ടും മുത്തുക്കുടകള്‍ കൊണ്ടും അലങ്കരിച്ചിരുന്നു . നഗര വീഥികള്‍ക്കിരുവശത്തും തിങ്ങിക്കൂടിയ പാറ്റേഴ്‌സണ്‍ നിവാസികള്‍ മറ്റൊരു സംസ്കാരത്തിന്റെ നേര്‍ക്കാഴ്ച ക്യാമറകളിലും പകര്‍ത്തി . അപൂര്‍വമായി ലഭിച്ച ഈ ദൃശ്യം സുരക്ഷാ സന്നാഹമൊരുക്കിയ പോലീസുകാരും ക്യാമറകളില്‍ പകര്‍ത്തി .

ഏപ്രില്‍ 21 ന് വൈകിട്ട് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പതാക ഉയര്‍ത്തിയതോടെയാണ് തിരുനാളിനു കൊടിയേറിയത് . ഫാ. റിജോ ജോണ്‍സണ്‍ , ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവരും വിശുദ്ധ കുര്‍ബാനയില്‍ കാര്‍മികത്വം വഹിച്ചു . 22 ന് വൈകുന്നേരം നാലിനു നടന്ന ആഘോഷമായ പാട്ടു കുര്‍ബാനയില്‍ സീറോ മലബാര്‍ സഭ പാട്ടു കുര്‍ബാനയ്ക്ക് പുതിയ ഈണങ്ങള്‍ നല്‍കി കാസററ് രൂപത്തിലാക്കിയ ഫാ. ജോണി തോമസ് ചെങ്ങലാന്‍ ….സിഎംഐ സഭയിലെ രണ്ടാമത്തെ പാടും പാതിരി … മുഖ്യ കാര്‍മികനായിരുന്നു . വികാരി ഫാ. ജേക്കബ് ക്രിസ്റ്റി , ഫാ. ഫിലിപ്പ് വടക്കേക്കര , ഫാ. ബാബു തേലപ്പിള്ളി , ഫാ. റിജോ ജോണ്‍സണ്‍ തുടങ്ങിയവര്‍ സഹ കാര്‍മികരായിരുന്നു . ഫാ. ജോണി ചെങ്ങലാന്‍ തിരുനാള്‍ സന്ദേശം നല്‍കി .

തുടര്‍ന്ന് നടന്ന സംഗീതോത്സവമാണ് ഇടവകാംഗങ്ങളെ വ്യത്യസ്തമായ ആസ്വാദകതലത്തിലേക്ക് ആനയിച്ചത് . അമേരിക്കയിലെ പ്രമുഖ വയലിനിസ്റ്റും ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ കച്ചേരി സംഘാംഗവുമായ വയലിന്‍ ജോര്‍ജ് എന്ന പേരിലറിയപ്പെടുന്ന ജോര്‍ജ് ദേവസി നേതൃത്വം നല്‍കിയ ലൈവ് ഓര്‍ക്കസ്ട്ര അടുത്ത കാലത്ത് അരങ്ങേറിയ മികച്ച സംഗീത വിരുന്നുകളിലൊന്നായിരുന്നു . തികച്ചും തദ്ദേശീയര്‍ , അതും ഭൂരിഭാഗവും പ്രത്യേകിച്ച് പാട്ടുകാര്‍ ഭൂരിഭാഗവും ഇടവകാംഗങ്ങള്‍ . പുറത്തു നിന്നും ആകെയെത്തിയ വിശിഷ്ടാതിഥി തബല സുഭാഷ് , ഗിറ്റാര്‍ – ക്ലമന്റ് , ഡ്രംസ് റോണി കുര്യന്‍ എന്നിവര്‍ മാത്രം . ഇവരാകട്ടെ വയലിന്‍ ജോര്‍ജിനൊപ്പം യേശുദാസിന്റെ സംഗീത കച്ചേരി സംഘാംഗങ്ങളുമാണ്.

ഇടവകയിലെ ക്വയര്‍ ഗ്രൂപ്പിലെ അംഗങ്ങളായ ആല്‍വിന്‍ ജോര്‍ജ് വയലിന്‍ ജോര്‍ജിനൊപ്പം യേശുദാസിന്റെ സംഗീത കച്ചേരി സംഘാംഗങ്ങളുമാണ് .

ഇടവകയിലെ ക്വയര്‍ഗ്രൂപ്പിലെ അംഗങ്ങളായ ആല്‍വിന്‍ ജോര്‍ജ് വയലിന്‍ ജോര്‍ജിനൊപ്പം വയലിന്‍ വായിച്ചപ്പോള്‍ ലിയോ തോട്ടുമാരി വയോലയിലൂടെ ഇവര്‍ക്ക് സപ്പോര്‍ട്ട് നല്‍കി . വയലിന്‍ ജോര്‍ജിന്റെ മകന്‍ അലക്‌സ് ജോര്‍ജ് , ആല്‍വിന്‍ ജോര്‍ജിന്റെ ട്രിപ്പിളെറ്റ് (മുരട്ട ) സഹോദരി എയ്മി ജോര്‍ജും കീബോര്‍ഡുകള്‍ വായിച്ചു . ഒരു തികഞ്ഞ പ്രൊഫഷനല്‍ ഗാനമേള ട്രൂപ്പിന്റെ എല്ലാ മേന്മകളോടും ചേര്‍ന്നാണ് ഈ പുതിയ ട്രൂപ്പിന് ജോര്‍ജ് രൂപം നല്‍കിയത് . നിരന്തര പരിശീലനത്തോടെയായിരുന്നു പ്രഥമ അരങ്ങേറ്റം തന്നെ .

ട്രൂപ്പിലെ ഏറ്റവും പ്രഫഷണല്‍ സിംഗറായ ജ്യോതിഷ് ചെറുവള്ളി ആലപിച്ച രാജാക്കന്മാരുടെ രാജാവേ എന്ന ക്രിസ്തീയ ഭക്തിഗാനഓത്തോടെയായിരുന്നു സംഗീത വിരുന്നിനു തുടക്കം കുറിച്ചത് . ഇടവകയിലെ തന്നെ സിറിയക് കുര്യന്റെ കരങ്ങളിലൂടെ ശബ്ദം നിയന്ത്രിതമായപ്പോള്‍ ജ്യോതിഷിന്റെ പ്രഥമ ഗാനത്തോടെ തന്നെ വരാനിരിക്കുന്ന സംഗീത വിരുന്നിന്റെ വിളംബരം കുറിച്ചു കഴിഞ്ഞിരുന്നു . പിന്നീടങ്ങോട്ട് രണ്ട് രണ്ടര മണിക്കൂര്‍ ഇഷ്ട ഗാനങ്ങളുടെ അനര്‍ഗളമായ പ്രവാഹം ഓഡിറ്റോറിയത്തെ ആസ്വാദന ലഹരിയില്‍ ഇളക്കി മറിച്ചു . മലയാളം ശരിക്കും ഉച്ചരിക്കാന്‍ പോലുമറിയാത്ത യുവഗായകര്‍ പഴയകാല മെലഡികള്‍ , ഹിന്ദി ഗസലുകള്‍ , തമിഴ് ദപ്പാം കുത്ത് പാട്ടുകള്‍ എന്നിവ തകര്‍ത്തു പാടിയപ്പോള്‍ കാണികളൊന്നടങ്കം മനം മറന്നാസ്വദിച്ചു

മോഹം കൊണ്ടു …എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എയ്മിയുടെ എന്‍ട്രി. അതി ശുദ്ധമായ ഉച്ചാരണം കൊണ്ടും ശബ്ദമാധുര്യം കൊണ്ടും എയ്മി സദസ് ഇളക്കി മറിച്ചപ്പോള്‍ നോക്കി നോക്കി നിന്നു ….എന്ന ഡ്യൂയറ്റുമായി രേശു ഇല്ലമ്പള്ളി- യുവഗായിക മര്‍ട്ടീനയും അരങ്ങു തകര്‍ത്തു . ഇതിനിടെ ഓരോ പാട്ടുകളുടെയും ചരിത്ര പശ്ചാത്തലം അവതാരകനായ ഫാ. ജോണി വിവരിക്കുന്നുണ്ടായിരുന്നു . അല്‍പം പോലും ഗ്യാപ് നല്‍കാതെ സംഗീത പൂരമഴ നിയന്ത്രിക്കാന്‍ ജോണിയച്ചനു കഴിഞ്ഞു . ഇടയ്ക്കിടയ്ക്ക് കാണികളോടുള്ള ചോദ്യോത്തരങ്ങളും പുതുമയേറിയതായിരുന്നു .

രാക്കമ്മ കൈയേ തട്ടു……എന്നു തുടങ്ങുന്ന ഇളയരാജ സംഗീതം നല്‍കിയ ഗാനം ജെറിയും മേഴ്‌സിയും ആലപിച്ചപ്പോള്‍ വയലിനും ഗിറ്റാറും സമന്വയിപ്പിച്ചു കൊണ്ടുള്ള ബിജിഎം അവിസ്മരണീയമായി . ഒറിജിനല്‍ ട്രാക്കിനെ വെല്ലുന്ന പ്രകടനമായിരുന്നു ഓര്‍ക്കസ്ട്രയുടേത് .

പിന്നീടെത്തിയതാകട്ടെ ആല്‍വിന്‍ -എയ്മി സഹോദരങ്ങളുടെ അമ്മ ഹെലനും സോജനും പാടിയ ഡ്യൂയറ്റ് —അത് കടന്നു പോയ കാലങ്ങളിലെ ഹരിതാഭമായ ഓര്‍മകളിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടു പോയി . …ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം ….ഹൌ …എന്തൊരു ശ്രവണ സുഖം …..,ആനന്ദോത്സവം എന്നല്ലേ ഇതിനു പറയേണ്ടത് . …. !

അടുത്തത് സദസിനെയാകെ കോരിത്തരിപ്പിച്ച് യുവഗായകന്റെ എന്‍ട്രിയായിരുന്നു . അലക്‌സ് ജോര്‍ജ് . ആകാശമാകേ…….കോരിത്തരിപ്പിച്ചു കളഞ്ഞു …അത്രമേല്‍ സുന്ദരമായി മികച്ച ഉച്ചാരണത്തോടെയും ശബ്ദ മാധുര്യത്തോടെയുമായിരുന്നു ഈ യുവപ്രതിഭയുടെ അരങ്ങേറ്റം. ഇവന്‍ തകര്‍ക്കും ..സംശയമില്ല …പിന്നില്‍ നിന്ന് കാണികളിലാരോ അടക്കം പറയുന്നതു കേട്ടു . അവന്‍ തകര്‍ക്കുകയായിരുന്നില്ല …..ആസ്വാദക ഹൃദയങ്ങളില്‍ കുടിയിരിക്കുകയായിരുന്നു . അപ്പോഴതാ പണ്ടെങ്ങോ കേട്ടു മറന്ന മനോഹരമായ ഒരു ഹിന്ദി ഗാനവുമായി അരങ്ങത്തെത്തുന്നൂ യുവഗായിക ഗീത കുര്യന്‍ …ദില്‍സേ ക്യാ ഹേ …എന്ന ഗാനവും അവതരണ മികവു കൊണ്ട് ഗംഭീരമായി .

ഒന്നോ രണ്ടോ പാട്ടുകള്‍ കേട്ടിട്ട് മുങ്ങാനിരുന്നവര്‍ അതോടെ സീറ്റുകളില്‍ ഇരിപ്പുറപ്പിച്ചു . ചിലര്‍ മുമ്പിലൊഴിവു വന്ന സീറ്റുകളിലേക്ക് സ്ഥാനക്കയറ്റം നേടിയിരുന്നു . പച്ചച്ചായി തീ നീയടാ… തട്ടുപൊളിപ്പന്‍ തമിഴ് പാട്ടുമായി ജെറി വീണ്ടും അരങ്ങു തകര്‍ത്തപ്പോള്‍ കാണികളെ മൊത്തം വിസ്മയിപ്പിച്ചു കൊണ്ട് മറ്റൊരു കൊച്ചു ഗായിക അതിമനോഹരമായ മെലഡിയോടെ ആസ്വാദക ഹൃദയം കവര്‍ന്നെടുത്തു . ആടി വാ കാറ്റേ …എന്ന ഗാനത്തന് മര്‍ട്ടീന ബിനുവിന്റെ കുയില്‍ നാദം ഇഴ ചേര്‍ന്നപ്പോള്‍ ഇടവകയ്ക്ക് ഒരു അനുഗൃഹീത ഗായികയെ ലഭിക്കുകയായിരുന്നു . സത്യനായകാ ….എന്നു തുടങ്ങുന്ന ഗാനവുമായി ജ്യോതിഷ് വീണ്ടും തിരിച്ചു വന്നു . ഹെലനും മകള്‍ എയ്മിയും തില്ലാന …എന്ന ഗാനം ആലപിച്ചപ്പോള്‍ കോറസിന്റെ പിന്തുണ ഗംഭീരമായി .

സുബാനുള്ള …എന്നു തുടങ്ങുന്ന ഗാനവുമായി അലക്‌സിന്റെ റീ എന്‍ട്രി . അവിടെ കോറസ് പിന്തുണച്ചെങ്കിലും യഥാര്‍ഥകോറ സുബാനുഅള്ള എന്ന ഈരടിയോടെ അലക്‌സിനു മികച്ച പിന്തുണ നല്‍കി. അടുത്തത് സോജന്റെ രണ്ടാം വരവ് . ആരെയും ഭാവഗായകനാക്കിയ ആ ഗാനം മോനിഷ എന്ന അനുഗൃഹീത നടിയുടെ വേര്‍പാടുണര്‍ത്തിയെങ്കിലും അവിസ്മരണീയമാക്കി മാറ്റി. വീണ്ടുമൊരു പ്രണയ നൊമ്പരവുമായി രേശു എയ്മി കൂട്ടു കെട്ട് അരങ്ങുവാണു . എന്ന് സ്വന്തം മൊയ്തീനിലെ കണ്ണോടു ചൊല്ലുന്ന എന്ന പ്രണയഗാനം അപ്പിടി പോടു.. പോടു എന്ന തട്ടു പൊളിപ്പന്‍ പാട്ടുമായി തമിഴ് ഗായകന്‍ ജെറി മര്‍ട്ടീനയോടൊപ്പം തകര്‍ത്തു പൊളിച്ചു . ഒരു മലൈ എന്നു തുടങ്ങുന്ന ഗാനവുമായി അലക്‌സ് തന്റെ തമിഴ് വൈഭവം തെളിയിച്ചു . കാളിദാസന്റെ അരങ്ങേറ്റ ചിത്രത്തിലെ ഞാനും എന്റാളും നാല്പതു പേരും …..എന്ന ഗാനം രേശു ആലപിച്ചപ്പോള്‍ കോറസ് അതിനെ അതി മനോഹരമാക്കി . ഗിറ്റാറിന്റെ സപ്പോര്‍ട്ടില്‍ മാത്രം ലയിക്കുന്ന ഈ ഗാനം ശ്രോതാക്കളെ അല്‍പം തണുപ്പിച്ചപ്പോള്‍ വെടിമരുന്നിനു തിരി കൊളുത്തിക്കൊണ്ട് ജെറിയും മര്‍ട്ടീനയും ചേര്‍ന്ന് സ്റ്റേജ് തകര്‍ത്തു തരിപ്പണമാക്കീ റണ്ടക ….റണ്ടക…..എന്ന തമിഴ് ഗാനത്തിലൂടെ . വിവിധ പിച്ചുകളുടെ സമന്വയമായ ഈ ഗാനം ഇരുവരും അനശ്വരമാക്കിയപ്പോള്‍ കോറസും ഒപ്പം നിന്നു . ഓര്‍ക്കസ്ട്രയ്ക്ക് ബ്രേക്കില്ലാത്ത പ്രകടനമാണ് ഇതിനു കാഴ്ച വച്ചത് .കാണികള്‍ ആവേശ ഭരിതരായി എഴുന്നേറ്റു ചുവടുകള്‍ വച്ചപ്പോഴാണ് അത് പൂരത്തിന്റെ കലാശക്കൊട്ടാണെന്നറിയിപ്പു വന്നത് . ദേശീയഗാനത്തോടെ സംഗീത പൂമഴയ്ക്ക് തിരശീല വീണപ്പോള്‍ മൂന്നു ബുക്കിംഗുകളാണ് ഈ പുതിയ പരീക്ഷണ ട്രൂപ്പിന് നിമിഷ നേരം കൊണ്ടു ലഭിച്ചത് .

23 ന് ഞായറാഴ്ച രാവിലെ പത്തിനു നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക്‌സീറോ മലബാര്‍ സഭയുടെ പാട്ടു കുര്‍ബാന വ്യത്യസ്തമായ ശൈലിയില്‍ പാടി റെക്കോര്‍ഡ് ചെയ്ത പ്രമുഖ ഗായകനും കോളെജ് പ്രഫസറുമായിരുന്ന റവ. ഡോ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ മുഖ്യ കാര്‍മികനായിരുന്നു . വികാരി ഫാ. ജേക്കബ് ക്രിസ്റ്റി , ഫാ. ഫിലിപ്പ് വടക്കേക്കര , ഫാ. ബാബു തേലപ്പിള്ളി , ഫാ. റിജോ ജോണ്‍സണ്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു .

തുടര്‍ന്നു നടന്ന നഗരം ചുറ്റി പ്രദക്ഷിണത്തില്‍ ഇടവക മധ്യസ്ഥന്‍ വി. ഗീവര്‍ഗീസ് സഹദാ , പരിശുദ്ധ കന്യാമറിയം , വിശുദ്ധ ഔസേപ്പിതാവ് , മാര്‍ത്തോമാശ്ശീഹാ , വി.സെബസ്ത്യാനോസ് , ഇന്ത്യയിലെ വിശുദ്ധരായ വി.അല്‍ഫോന്‍സാമ്മ , വി. മദര്‍തെരേസ , വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ , വി. എവുപ്രാസ്യാമ്മ എന്നിവരുടെ രൂപം വഹിച്ചിരുന്നു .ട്രസ്റ്റിമാരായ തോമസ് തോട്ടു കടവില്‍ , ജോംസന്‍ ഞളളിമാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി . വുമന്‍സ് ഫോറം പ്രസിഡന്‍റ് മരിയാ തോട്ടുകടവിലാണ് ബാന്‍ഡു സംഘത്തിനു നേതൃത്വം നല്‍കിയത് .

പ്രസുദേന്തിമാരായ ആന്‍റണി ഗീവര്‍ഗീസ് പുല്ലന്‍ , ആന്റണി വടക്കേമുറിയില്‍ ,ബൈജു എലിപ്പുലിക്കാട്ടില്‍ , ജോര്‍ജ് ദേവസി , ജോര്‍ജ് ജോസഫ് ചെറുവള്ളില്‍ , ജിയോ ജോസഫ് , ജെയ്‌മോന്‍ ജോസഫ് , ജോസഫ് ആന്റണി , ജോണ്‍സണ്‍ ജോണ്‍ , ജോംസണ്‍ ഞള്ളിമാക്കല്‍ , ജോസഫ് ഇടിക്കുള , രേശു ഇല്ലമ്പള്ളി , മാത്യു .കെ. ജോസഫ് , ഷിജോ പൌലോസ് എന്നിവരും തിരുനാള്‍ നടത്തിപ്പിന് നേതൃത്വം നല്‍കി . ആല്‍ബര്‍ട്ട് ആന്റണി കണ്ണമ്പള്ളി പ്രസിഡന്റായ സെന്റ് തോമസ് വാര്‍ഡാണ് അടുത്ത തിരുനാളിന്റെ പ്രസുദേന്തിമാര്‍ .
Cont: fethadathil@gmail.com
Ph : 973-518-3447