പാലസ്തീന് ഒബാമ അനുവദിച്ച 221 മില്യന്‍ സംഭാവന മരവിപ്പിച്ചു

01:18 pm 27/1/2017

– പി.പി. ചെറിയാന്‍
unnamed (2)
വാഷിംഗ്ടണ്‍: പ്രസിഡന്റ് പദത്തില്‍ നിന്നും വിരമിക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് പാലസ്തീന്‍ ഭരണകൂടത്തിനു ഖജനാവില്‍ നിന്നും അനുവദിച്ച 221 മില്യന്‍ ഡോളറിന്റെ സംഭാവന യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മരവിപ്പിച്ചതായി ഇന്ന് (ജനു. 25) പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

ജനുവരി 20-നു വെള്ളിയാഴ്ച പ്രസിഡന്റ് ചുമതലയേല്‍ക്കുന്നതിനു തൊട്ടുമുമ്പ് കോണ്‍ഗ്രസിനെ പോലും അറിയിക്കാതെയാണ് ഒബാമ തുക കൈമാറാന്‍ ഉത്തരവ് നല്‍കിയത്. ഉത്തരവ് നല്‍കിയ ശേഷം കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു നല്‍കിയ കത്തില്‍ വിവരം സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്.

2015- 2016 ബഡ്ജറ്റില്‍ പാലസ്തീന് തുക അനുവദിച്ചിരുന്നുവെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ എതിര്‍പ്പ് മൂലം തുക നല്‍കാനായില്ല. വെസ്റ്റ്ബാങ്ക്, ഗാസ തുടങ്ങിയ സ്ഥലങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും, രാഷ്ട്രീയ – സുരക്ഷിതത്വ മാറ്റങ്ങള്‍ക്കുമാണ് തുക നല്‍കാന്‍ ഒബാമ തയാറായത്.

ഇത്രയും സംഖ്യ കൂടാതെ പല ആവശ്യങ്ങള്‍ക്കായി മില്യന്‍ കണക്കിന് തുക ചെലവഴിക്കാന്‍ ഒബാമ ഉത്തരവ് നല്‍കിയിരുന്നു.

ഒബാമയുടെ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ പിന്തുണയും ഇതിനു ലഭിച്ചിരുന്നു. ട്രമ്പ് നിയമിച്ച പുതിയ സ്റ്റേറ്റ് സെക്രട്ടറി റെ. റ്റിലര്‍ബണിന്റെ നിയമനത്തിനുശേഷമേ ഇത്രയും തുക കൈമാറുന്നതിനുള്ള അവസാന തീരുമാനം ഉണ്ടാകൂ എന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.