ന്യൂഡൽഹി: നേപ്പാളിൽ കാണാതായ പാക്കിസ്ഥാൻ സൈനിക ഓഫീസർ ഐഎസ്ഐയുടെ “അതിവൈകാരികമായ’ ഒരു ജോലിയിൽ ഏർപ്പെട്ടിരുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. പാക് സൈന്യത്തിൽനിന്നു റിട്ടയർ ചെയ്ത ലഫ്.കേണൽ മുഹമ്മദ് ഹബീബ് സാഹിറിനെ സംബന്ധിച്ചാണ് ഈ റിപ്പോർട്ട്.
ലാഹോറിൽനിന്നു നേപ്പാളിലെ ലുംബിനിയിലേക്കുള്ള യാത്രക്കിടെയാണ് ഇദ്ദേഹത്തെ കാണാതായത്. ലുംബിനിയിൽനിന്നു കുടുംബത്തെ ഫോണ് ചെയ്തശേഷം മുഹമ്മദ് ഹബീബിനെ സംബന്ധിച്ചു വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇദ്ദേഹത്തെ ശത്രുരാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗാം ഉദ്യോഗസ്ഥർ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഹബീബ് നേപ്പാളിൽ രഹസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നെന്നു സൂചനകൾ ലഭിക്കുന്നത്. പാക്കിസ്ഥാൻ കോടതി വധശിക്ഷയ്ക്കു വിധിച്ച കുൽഭൂഷണ് യാദവിനെ ഇറാൻ അതിർത്തിയിൽനിന്നു തട്ടിക്കൊണ്ടുപോയ ഐഎസ്ഐ സംഘത്തിൽ മുഹമ്മദ് ഹബീബ് ഉണ്ടായിരുന്നെന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.