പിങ്ക് പട്രോളിങ്’ പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ കല്ലുകടി

08:05 am 26/11/2016

images (3)
കൊച്ചി: സിറ്റി പൊലീസ് ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ‘പിങ്ക് പട്രോളിങ്’ പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ കല്ലുകടി. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് നിര്‍വഹിക്കാതെ മടങ്ങി. മുഖ്യമന്ത്രിയെ പരിപാടിയുടെ അവതാരക സ്വാഗതപ്രസംഗകനാക്കിയതും അദ്ദേഹത്തെ എ.ഡി.ജി.പി അഭിവാദ്യം ചെയ്യാതിരുന്നതുമെല്ലാം ചടങ്ങിന്‍െറ താളം തെറ്റിച്ചു.

വെള്ളിയാഴ്ച രാവിലെ 10.30ന് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. കൃത്യസമയത്തുതന്നെ മുഖ്യമന്ത്രി എത്തി. എന്നാല്‍, പരിപാടി വിശദീകരിക്കാന്‍ നിയോഗിച്ചിരുന്ന എ.ഡി.ജ.പി ബി. സന്ധ്യ വൈകി. ഇതിനിടെ, ഉദ്ഘാടനചടങ്ങ് ആരംഭിക്കുകയും ചെയ്തു. സന്ധ്യയെ പദ്ധതി പരിചയപ്പെടുത്താന്‍ അവതാരക ക്ഷണിച്ചപ്പോഴും അവര്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രിയെ ക്ഷണിച്ചത് ‘സ്വാഗതപ്രസംഗത്തിന്’. അബദ്ധം തിരിച്ചറിഞ്ഞയുടന്‍ സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ് അവതാരകയില്‍നിന്ന് മൈക്ക് വാങ്ങി മുഖ്യമന്ത്രിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചു. മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തുകയും ചെയ്തു. ഈ സമയത്തെല്ലാം, ഫ്ളാഗ് ഓഫ് ചെയ്യാനുള്ള വാഹനം സ്റ്റേജില്‍ പ്രത്യേക കര്‍ട്ടനുള്ളില്‍ തയാറാക്കിനിര്‍ത്തിയിരുന്നു. പ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി വാഹനം ഫ്ളാഗ് ഓഫ് ചെയ്യുകയും സ്റ്റേജില്‍നിന്ന് ഗ്രൗണ്ടിലേക്ക് തയാറാക്കിയ റാമ്പ് വഴി വാഹനം ഇറങ്ങി സദസ്സിനെയും ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിനെയും വലംവെക്കുകയും ചെയ്യുന്ന രൂപത്തിലാണ് പരിപാടി ക്രമീകരിച്ചിരുന്നത്.

കൊച്ചിയില്‍ സ്ത്രീ സുരക്ഷക്കുള്ള പിങ്ക് പട്രോളിങ് വിഭാഗം ഉദ്ഘാടന ചടങ്ങില്‍ വൈകിയത്തെിയ എ.ഡി.ജി.പി ബി. സന്ധ്യ റേഞ്ച് ഐ.ജി എസ്. ശ്രീജിത്തുമായി സംസാരിക്കുന്നു  –ദിലീപ് പുരയ്ക്കല്‍

എന്നാല്‍, ഉദ്ഘാടനപ്രസംഗം തീര്‍ന്നയുടന്‍ അവതാരക ‘കാവലാള്‍’ എന്ന ഹ്രസ്വചിത്രം പ്രകാശനം ചെയ്യാന്‍ മേയര്‍ സൗമിനി ജയിനെയും പുതിയ കണ്‍ട്രോള്‍ റൂം നമ്പര്‍ പരിചയപ്പെടുത്താന്‍ നടി ഷീലയെയും ക്ഷണിച്ചു. ഇതിനിടെ, വേദിയിലേക്ക് കടന്നുവന്ന എ.ഡി.ജി.പി മുഖ്യമന്ത്രിയെ ഗൗനിക്കാതെ മറ്റുള്ളവരുടെ അടുത്തേക്ക് നീങ്ങുകയും ചെയ്തു. മേയറുടെ പ്രസംഗത്തിനുശേഷവും ഫ്ളാഗ് ഓഫിന് മുഖ്യമന്ത്രിയെ ക്ഷണിക്കാതെ അവതാരക എ.ഡി.ജി.പിയെ ക്ഷണിച്ചു. ഇതോടെ മുഖ്യമന്ത്രി അനിഷ്ടഭാവത്തോടെ വേദിവിടുകയായിരുന്നു. മുന്‍ എം.പി പി. രാജീവും മുഖ്യമന്ത്രിയെ അനുഗമിച്ചു. സിറ്റി പൊലീസ് കമീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇനിയും കാത്തിരുന്നാല്‍ അടുത്ത പരിപാടിക്കത്തൊന്‍ വൈകുമെന്നായിരുന്നു മറുപടി. തുടര്‍ന്ന് ബി. സന്ധ്യയാണ് വാഹനം ഫ്ളാഗ് ഓഫ് ചെയ്തത്.

എ.ഡി.ജി.പി മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാതിരുന്നത് വേദിയിലുണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു.
ആദ്യം മുഖ്യമന്ത്രി മാത്രം പ്രസംഗിക്കും വിധമാണ് പരിപാടി തയാറാക്കിയതെങ്കിലും മേയറെയും നടി ഷീലയെയും കാഴ്ചക്കാരായി ഇരുത്താന്‍ കഴിയില്ല എന്നതിനാലാണ് അവര്‍ക്ക് ഓരോ ചുമതല നല്‍കിയതെന്നും ഇതിന് മുഖ്യമന്ത്രിയുടെ അനുമതി ഉണ്ടായിരുന്നെന്നുമാണ് പൊലീസ് വിശദീകരണം.