പിണറായിയുഗം

10:05pm 26/5/2016
images (5)
തിരുവനന്തപുരം:ചെങ്കടല്‍ ആവേശത്തിര തീര്‍ത്ത ജനസാഗരത്തിനു മുന്നില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള നാലാം മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാരുണ്ട്‌. പതിവിനു വിപരീതമായി രാജ്‌ഭവനില്‍ നിന്നും മാറി സെക്രട്ടേറിയറ്റിനു പിന്നിലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ സംസ്‌ഥാനത്തുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും വിവിധരംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സജ്‌ജീകരിച്ച ചുവപ്പുനിറത്തിലുള്ള വേദിയില്‍ ഗവര്‍ണര്‍ ജസ്‌റ്റിസ്‌ പി. സദാശിവം എത്തിക്കഴിഞ്ഞപ്പോള്‍ ചീഫ്‌ സെക്രട്ടറി എസ്‌.എം. വിജയാനന്ദ്‌ നിയുക്‌ത മുഖ്യമന്ത്രി പിണറായി വിജയനെ സത്യപ്രതിജ്‌ഞ ചെയ്യുന്നതിനു വേണ്ടി ക്ഷണിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ അലയടിച്ച പശ്‌ചാത്തലത്തില്‍ കേരളത്തിലെ 22 ാമതു മന്ത്രിസഭയിലെ 12 ാം മുഖ്യമന്ത്രിയായി സ്‌ഥാനമേല്‍ക്കാന്‍ പിണറായി വിജയന്‍ വേദിയിലെത്തി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ്‌ കാരാട്ട്‌, വി.എസ്‌. അച്യൂതാനന്ദന്‍ തുടങ്ങിയവരെ കണ്ട്‌ അഭിവാദ്യം അര്‍പ്പിച്ചശേഷമാണ്‌ പിണറായി വിജയന്‍ സത്യപ്രതിജ്‌ഞയ്‌ക്കായി വേദിയിലേക്കു കയറിയത്‌.
ഗവര്‍ണര്‍ ജസ്‌റ്റിസ്‌ പി. സദാശിവം സത്യപ്രതിജ്‌ഞാ വാചകം ചൊല്ലിക്കൊടുത്തു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തശേഷം രണ്ടാമത്തെ ഊഴം ഇ. ചന്ദ്രശേഖരന്റേതായിരുന്നു. തുടര്‍ന്ന്‌ അഡ്വ.മാത്യൂ. ടി. തോമസ്‌, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ബാലന്‍, ഡോ. കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, എ.സി. മൊയ്‌തീന്‍, അഡ്വ.കെ. രാജു, ടി.പി. രാമകൃഷ്‌ണന്‍, പ്രഫ. സി. രവീന്ദ്രനാഥ്‌, കെ.കെ. ശൈലജ, ജി. സുധാകരന്‍, അഡ്വ.വി.എസ്‌. സുനില്‍കുമാര്‍, പി. തിലോത്തമന്‍, ഡോ. ടി.എം. തോമസ്‌ ഐസക്ക്‌ എന്നിവര്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. മുഖ്യമന്ത്രിക്കു ശേഷം ഘടക കക്ഷിനേതാക്കളും അതുകഴിഞ്ഞ്‌ അക്ഷരമാലാക്രമത്തിലുമായിരുന്നു സത്യപ്രതിജ്‌ഞ.
മാത്യൂ. ടി. തോമസ്‌, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ടി. ജലീല്‍ എന്നിവര്‍ മാത്രമാണു ദൈവനാമത്തില്‍ സത്യപ്രതിജ്‌ഞ ചെയ്‌തത്‌. മറ്റുള്ളവരെല്ലാം സഗൗരവം സത്യപ്രതിജ്‌ഞ ചെയ്യുന്നതായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയെ കൂടാതെ സി.പി.എമ്മിന്റെ 11 അംഗങ്ങളും സി.പി.ഐയുടെ നാലും ജനതാദള്‍ എസ്‌, എന്‍.സി.പി, കോണ്‍ഗ്രസ്‌ എസ്‌ എന്നിവരുടെ ഓരോ അംഗങ്ങളുമാണു സത്യപ്രതിജ്‌ഞ ചെയ്‌തത്‌. പിണറായി വിജയനെയും തോമസ്‌ ഐസക്കിനെയും ഇ.പി. ജയരാജനെയും കടകംപള്ളി സുരേന്ദ്രനെയും ജി. സുധാകരനെയുമെല്ലാം നിറഞ്ഞ കൈയ്യടിയോടെയാണു പാര്‍ട്ടി പ്രവര്‍ത്തകര്‍ വേദിയിലേക്ക്‌ ആനയിച്ചത്‌. സത്യപ്രതിജ്‌ഞയ്‌ക്കു ശേഷം മന്ത്രിസഭാംഗങ്ങള്‍ ഗവര്‍ണറുടെ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി രാജ്‌ഭവനിലേക്കു പോയി.
സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ്‌ നേതാവുമായ എച്ച്‌.ഡി ദേവഗൗഡ, സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, പി.വി അബ്‌ദുള്‍ വഹാബ്‌ എം.പി, ഒ. രാജഗോപാല്‍, കായികതാരം ഐ.എം. വിജയന്‍ തുടങ്ങിയ വിവിധ മേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
മന്ത്രിമാരും വകുപ്പുകളും
പിണറായി വിജയന്‍
മുഖ്യമന്ത്രി
വകുപ്പുകള്‍: ആഭ്യന്തരം,
വിജിലന്‍സ്‌, ഐടി
ഡോ. ടി.എം. തോമസ്‌ ഐസക്‌
– ധനകാര്യം
ഇ.പി. ജയരാജന്‍
– വ്യവസായം, കായികം
എ.കെ. ബാലന്‍
– നിയമം, സാംസ്‌കാരികം,
പിന്നാക്ക ക്ഷേമം
സി. രവീന്ദ്രനാഥ്‌ – വിദ്യാഭ്യാസം
ടി.പി. രാമകൃഷ്‌ണന്‍
– എക്‌സൈസ്‌, തൊഴില്‍
ജി. സുധാകരന്‍
– പൊതുമരാമത്ത്‌,
രജിസ്‌ട്രേഷന്‍
എ.സി. മൊയ്‌തീന്‍
– സഹകരണം, ടൂറിസം
ജെ. മേഴ്‌സിക്കുട്ടിയമ്മ
– ഫിഷറീസ്‌, പരമ്പരാഗത വ്യവസായം
കെ.കെ. ശൈലജ
– ആരോഗ്യ, സാമൂഹിക ക്ഷേമം
കെ.ടി. ജലീല്‍
– തദ്ദേശസ്വയംഭരണം
കടകംപള്ളി സുരേന്ദ്രന്‍
– വൈദ്യുതി, ദേവസ്വം
മാത്യു ടി. തോമസ്‌ – ജലവിഭവം
എ.കെ. ശശീന്ദ്രന്‍ – ഗതാഗതം
രാമചന്ദ്രന്‍ കടന്നപ്പള്ളി – തുറമുഖം
ഇ. ചന്ദ്രശേഖരന്‍- റവന്യൂ
പി. തിലോത്തമന്‍
– ഭക്ഷ്യസിവില്‍ സപ്ലൈസ്‌
കെ. രാജു – വനം